Thursday, June 21, 2012

"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ?


"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???


എന്തെഴുതാൻ തുടങ്ങുമ്പോഴും മനസ്സിൽ തിരതുള്ളി വരുന്ന ചില ചിന്തകൾ...
ഒൻപതാം ക്ലാസ്സിലെ ചെറുകഥാ മത്സസരത്തിൽ, മനസ്സിൽ നാമ്പിട്ട പ്രണയത്തിന്
വർണ്ണച്ചിറകുകൾ വിടർത്തി കടലാസ്സിൽ പകർത്തിപ്പോൾ, അത് വായിച്ച് ടീച്ചർ പറഞ്ഞത്..

മാലിനി... എന്താ എഴുതി വച്ചിരിയ്ക്കുന്നത് ചുംബനത്തെക്കുറിച്ചക്കെ
ഇത്ര ആധികാരികമായി... നിനക്കതിനുള്ള പ്രായമായിട്ടില്ല കുട്ടി.. മാധവികുട്ടിയുടെ
കഥകൾ വായിച്ചിട്ടുണ്ട് അല്ലെ.. അതാ ഇന്നത്തെ പെൺകുട്ടികളുടെ ഒരു കുഴപ്പം...
എഴുതുമ്പോൾ മാധവി കുട്ടി, പാടുമ്പോൾ ചിത്ര, ഓടുമ്പോൾ ഉഷ.. സ്വന്തമായ കാഴ്ച്ചപ്പാടുകൾ
ഭാവനയിൽ നിറപിടിപ്പിയ്ക്കു... ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്..

അന്ന് ഭവാനി അമ്മ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ അപ്പോൾ മനസ്സിലായി
എങ്കിലും "ചുവപ്പ് മാത്രമല്ലല്ലൊ" നിറമായി എന്നുപറഞ്ഞത്... ഇന്നും ഒരു ചോദ്യ ചിഹ്നമാണ്...

മനസ്സിൽ എഴുതണമെന്ന അടങ്ങാത്ത ആഗ്രഹങ്ങൾ വന്നു തലതല്ലി ഒടുങ്ങുന്നത് അതേ നിറമുള്ള
ചോദ്യകല്ലിൽ തന്നെയാണ്. ആത്മാംശമില്ലാതെ ഒരാൾക്കും ഒന്നും എഴുതുവാൻ കഴിയില്ല എന്ന
തിരിച്ചറിവ് പലപ്പോഴും എന്നെ ഞാനറിയാതെ പിന്തിരിപ്പിയ്ക്കുന്നത് എന്നിലെ സ്ത്രീത്വം തന്നെ...

ഒരു പെൺകുട്ടി ചുംബനത്തെകുറിച്ച് സംസാരിച്ചാൽ,എഴുതിയാൽ അതിന് സദചാരത്തിന്റെ മതിലുകൾ പൊളിയ്ക്കുവാനുള്ള ശക്തിയുണ്ടെന്ന് പറയുന്നവരുടെ ഇടയിൽ പൂര്ണ്ണ ലൈംഗികതയേകുറിച്ചും, അതിന്റെ അനുഭൂതിയേയും,അനുഭവത്തേയും കുറിച്ച് വര്ണ്ണിച്ചാൽ അവളിൽ സാഡിസത്തിന്റെ മനോവൈകല്യങ്ങളെ ഇഴചേർത്ത് പുതിയ കഥകൾ നിറയ്ക്കുന്ന സാഹിത്യപർവ്വങ്ങൾ, അവിടെയ്ക്ക് മാലിനിയെന്ന ഞാൻസാഹിത്യക്കാർക്ക് മാത്രം അവകാശപ്പെട്ട തൂലികാനാമം എന്ന മുഖമൂടി അണിയുകയാണ്..

ഒരു വാചകത്തിന്റെ, നിറത്തിന്റെ നിർ വ്വചനം തേടി.. "ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???
 
 
 
 
 
 
 

Saturday, March 31, 2012

തെക്ക് പടിഞ്ഞാറ്റല്ലേ.... ?




തെക്കോട്ടൊള്ള വണ്ടീ കേറിയാ തിരോന്തരത്തെത്തുവോ,.. ?“
അരനരയനയ്യപ്പന്റെ ചോദ്യം.
“എങ്കയെടത്തീന്ന് ഏറിയാലെന്നാ... ചോയിച്ചത് ?“- തമിഴന്റെ നല്ല മലയാളം..
‘ഇവിടന്ന്‘- അരനരയനയ്യപ്പൻ നിന്നിടത്ത് നിന്നു താഴേക്ക് വിരൽ ചൂണ്ടി..
മുഖം കോടിയ തമിഴൻ “തെരിയാത്”-
ഈ പാണ്ടികളുടെ ഒരു പവ്വറേ... അയ്യപ്പൻ ചിറി കോട്ടി.. ങ്ഹും...
തെക്കും, വടക്കും-!! ദിക്കുകൾ മാത്രമറിയുന്ന അയ്യപ്പൻ റോഡ് മറികടന്നതും..
റെയ്ഞ്ചർ സൈ‘ക്കിളി‘ൽ പറന്നു വന്ന പത്തുവയസ്സുകാരൻ ഫുൾബ്രേക്കിട്ട് നിർത്തി, അയ്യപ്പനോട് “അമ്മാവാ’ വീട്ടിപ്പറഞ്ഞിട്ടാണോ ഇറങ്ങിയത്”..
അരനരയൻ ഒന്നു നോക്കി- ചെറുമകന്റെ മകന്റെ പ്രായമില്ലാത്തവന്റെ ചോദ്യം കേട്ടാ- എന്ന് മനാസ്സിൽ വിചാരിച്ചു..
അവൻ ഗിയർ മാറ്റി, നോട്ടം കൊണ്ട് ചവിട്ടി, വിട്ടു പോയ്..
ഇനി ആരോടാ ഒന്ന് ചോദിക്കാ...ന് എന്നു ചിന്തിച്ചു നോക്കുമ്പോൾ മുന്നിലിതാ നിൽക്കുന്നു സുകുമാര ചെറുപ്പക്കാരൻ.,..
ചിരിക്കുന്നു, പറയുന്നു, കെഞ്ചുന്നു,കൊഞ്ചുന്നു, ആകാക്ഷിക്കുന്നു, പരിഭവിക്കുന്നു, വിതുമ്പുന്നു, ശൃംഗരിക്കുന്നു.. ദ്വേഷവും, പരിഹാസവുമൊന്നുമില്ല... പക്ഷേ ആരെക്കാട്ടാനാ.. ? അതു മാത്രം അരനരയനു മനസ്സിലാകുന്നില്ല...
‘ങാ.. ഇനി വല്ല ആട്ടക്കാരനുമാവും- എന്തായാലും ചോയിക്കാം’ എന്ന് നിരീച്ച് അയ്യപ്പനടുക്കുന്നു.. ഇടയ്ക്കൊരു കണ്ണേറ്റമേറ്റി അയാള് ദാ വശത്തേക്ക് പോകുന്നു.. “ഇവനിതെന്തോന്ന് പറ്റിയതാ...? എന്ന ചിന്തയിൽ അയ്യപ്പൻ അരനരചൊറിഞ്ഞു...
‘സോ സോറീടാ... ഞാൻ ഡേ ആഫ്റ്ററിൽ അവിടെ ഉണ്ടാകും.. പ്രോമിസ്ഡാ... ഐ ലൌ ഡാ...” എന്ന് പറഞ്ഞ് ചെറുപ്പക്കാരാൻ സ്വന്തം കൈവെള്ളയിൽ മുത്തമിടുന്നത് കണ്ട് അയ്യപ്പന്റെ നിരൂപണം പൂർത്തിയായ്..
“നല്ലൊരു ചെറുപ്പോങ്ങനായിരുന്നു- കഷ്ടം ഇങ്ങനെയായല്ലോ...”
എന്തായാലും ഒന്നും മിണ്ടാം എന്നു കരുത്-
‘മകാനേ’ അയ്യപ്പന്റെ സ്നേഹപൂരിതമായ വിളി സുകുമാരൻ മനസ്സിലാകാത്തത് പോലെ അയ്യപ്പന്റെ മുഖത്ത് നോക്കി..
‘മകാനേ..‘ അരനരയൻ വീണ്ടു വിളിച്ചു....
ചെറുപ്പക്കാരൻ ഈർഷ്യം നിറഞ്ഞ മുഖമോടെ ചെവിയിൽ നിന്നും ‘ഇയർ ഫോൺ” വലിച്ചൂരി... ചോദ്യഭാവത്തിൽ നോക്കി..
ഇവനിതെന്താ ചെയ്യുന്നതെന്ന് അയ്യപ്പനും.. !
“അതേ എന്താ പ്രശ്നം..? മിസ്റ്റർ..?”“
അത് ഞാനങ്ങോട്ട് ചോദിക്കാനല്ലേ വിളിച്ചത്- എന്ന് അയ്യപ്പൻ മനസ്സിൽ ചോദിച്ചു, എന്നിട്ട് പറഞ്ഞു- “ഓ... ഒന്നുമില്ല മകാനേ... തിരോന്തരം പാഗത്തേക്കുള്ള വണ്ടി നോക്കി നിക്കുവാ.. “
അത് റൈറ്റിലോട്ടാന്ന് പറഞ്ഞ് ചെറുപ്പക്കാരൻ വലത് കൈയ് ഉയർത്തി കാട്ടി.
അവനഭിമുഖമായ് നിന്ന അയ്യപ്പൻ ഇടത് കൈ കാട്ടി ചോദിച്ചു “ഇതാ റൈറ്റ്..?“
“‘നോ.. നോ‘.. ഇത് നിങ്ങളുടെ ലെഫ്റ്റ്... ഞാൻ പറഞ്ഞത് വലതു വശം.. “
“അത് ശരി വലത്താട്ടായിരിന്നാ” എന്ന് പറഞ്ഞ് അയ്യപ്പൻ നടന്നു...
ചെറുപ്പക്കാരൻ ചിരിച്ച് “ഫൂളിഷ് ഫെലോ”...
അയ്യപ്പൻ മുകളിലേക്ക് നോക്കി... സൂര്യദേവനോട് പറഞ്ഞു...
“ഈ ദിക്കും, പൊക്കാണവുമൊന്നും അറിയാത്തോന്റെക്കെടേന്ന്
ഏനയങ്ങ് വേഗം തെക്കോട്ടെടുപ്പിക്കണേ.. ന്റെ തമ്പ്രാ...“
അപ്പോഴും ദിക്കു തെറ്റാതെ പടിഞ്ഞോറോട്ട് ധൃതിയിൽ ഓടുകയായിരുന്നു... സൂര്യഭഗവാൻ...

Saturday, January 21, 2012

കുചേലവൃത്തം.



ക്രവാളത്തിന്റെ അപ്പുറത്ത് നിന്നും പുലര്‍കാലം ഉണര്‍ന്നു വന്നു..
ചകോരാദിപക്ഷികള്‍ പുല്‍ത്തലപ്പിലെ മഞ്ഞുകണങ്ങളെ
തട്ടിത്തെറിപ്പിച്ച് വഴിക്ക് കുറുകേ തെറ്റും മാറ്റും നടന്നു..
കാക്കക്കൂട്ടങ്ങളുടെ കലപിലയില്‍ ഉണര്‍ന്ന്, കുചേലന്‍ ഇന്നലെ രാത്രിയില്‍
ഇടിച്ചു വച്ച അവല്പ്പൊതി പൊളിത്തീന്‍ കവറിനുള്ളിലാക്കി
മെഴുകുതിരി നാളത്തില്‍ ഒട്ടിച്ചു..

എല്ലാം തയ്യാറാക്കി ഭാര്യയുടെ സ്നേഹവായ്പ്പുകളോടേ
യാത്രപ്പുറപ്പെടാനൊരുങ്ങുമ്പോള്‍ ഒരു മിസ്ഡ് കോള്‍, പിന്നെ കോള്‍....
മകള്‍ ഫോണുമായ് ഓടിവന്നു.. പിതാശ്രീ.. ഇന്നു ഹര്‍ത്താലാ..
"മുല്ലപ്പെരിയാര്‍ പ്രശ്നം" മന് മോഹന്‍ സിംഗ് പിന്നെയും
വാക്കുമാറ്റി.. !!!

അയാളതിനു മാറ്റിപ്പറയാനായി എന്തെങ്കിലും നേരത്തെ പറഞ്ഞിരുന്നോ..?
എന്ന ആത്മഗതവു മായി ചോദിച്ചു. ആരാ വിളിച്ചത്..?

കര്‍ത്താ അങ്കിളാ... !! പിതാശ്രീയോട് പറയാന്‍ പറഞ്ഞു. കട്ടാക്കി..

"ന്റെ കൃഷ്ണാ ഇനിയെന്തു ചെയ്യും.."

"ദില്ലിക്കുവരെ ടിക്കേറ്റെടുത്തതാ.. മധുരയ്ക്ക് ഇറങ്ങാതെ നേരെ
ഹസ്റത്ത് നിസാമുദ്ദീന്‍ ഇറങ്ങി അവിടുന്നു പിന്നെ പുരാനാദില്ലിയും,
റെഡ്ഫോര്‍ട്ടുമൊക്കെ കണ്ട്... നേരെ മധുരാറോഡ് പിടിച്ചാമതീല്ലോ..
എന്നു കരുതി.. "

തുടക്കത്തില്‍ തന്നെ പിഴച്ച യാത്ര അശുഭമെന്ന് കരുതി
കുചേലന്‍ കെ. കെ എക്സ്പ്രെസിന്റെ കണ്‍ഫോം ടിക്കറ്റ്
നോക്കി ഇരുന്നു.. എസ്- ടു- ൪൭ അപ്പര്‍ ബര്‍ത്ത്.

നരച്ച പഴയ ശീലക്കുടയെടുത്ത്....
"നടന്ന് തന്നെ പോകണം.. സ്റ്റേഷനില്‍.."

കുചേലന്റെ ഗതി കലിയുഗത്തിലും മാറ്റമൊന്നുമില്ല...
അവനുമാത്രമേ ബാധകമുള്ളു, ഈ ഹര്‍ത്താലും, പണിമുടക്കവും,
സമരവും ഒക്കെ...

പ്രതീക്ഷയുടെ അവല്പ്പൊതി കഷത്തിരുന്നു വിയര്‍പ്പുകുടിച്ച്...

കുചേലന്‍ നടന്നു, വലത്തോട്ടൊഴിയാത്ത, കാണാത്ത ഉപ്പന്റെ
കുറുകലോടെ...!!!

Friday, December 23, 2011

ചില ബാക്കിപത്രങ്ങള്‍...



നിലാവിന് കുളിരുണ്ടെന്നത് കാല്പനികത മാത്രമെന്ന് തോന്നിപ്പോകുന്നു... ഇരുളിനെ ഭയന്ന കുട്ടിക്കാലത്തിലേയ്ക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമെന്നുള്ള തിരിച്ചറിവുള്ളപ്പോഴും, ഇന്നീകൂരിരുളിനെ കണ്ണുകളടച്ച്, മനക്കണ്ണില്‍ പ്രകാശപൂരിതമായ ബാല്യത്തിലേയ്ക്കൊരു മടക്കം കൊതിയ്ക്കുന്നുവോ..?

ഉണ്മാദത്തിന്റെ നെറുകയില്‍ നെല്ലിക്കാത്തളം തണുത്തുറഞ്ഞിട്ടും അറിയാതെ അത്യുഷ്ണ രാവുകളിലേയ്ക്ക് കണ്ണുകള്‍ തുറന്നിരിയ്ക്കുന്ന ചാച്ഛന്‍. തറവാടിലെ മുന്‍ തലമുറയിലെ അവസാനകണ്ണി. മേലാളവാഴ്ചയുടെ തീറെഴുത്തിന്റെ ബാക്കിപത്രം. പാഴയകാലത്തിന്റെ, ഇന്നും നിലനില്‍ക്കുന്ന തലപ്പേരുമാത്രം, ഒരുകാലത്ത് നാലുകെട്ടും, നടപ്പുരയും, കളപ്പുരയും,ഒരിയ്ക്കുമൊഴിയാത്ത പത്തായവും, നടന്നെത്താത്തിടത്തോളം പുഞ്ചയും, കരയും, തെങ്ങും, കവുങ്ങുമായി നാടുവാഴിയവര്‍ വാണിടം. ആജ്ഞാനുവര്‍ത്തികള്‍ക്കും, അടിയാളര്‍ക്കും പാര്‍ക്കാന്‍ പ്രത്യേകം ഇടങ്ങള്‍ (ഭൂമി)കല്പ്പിച്ചു കൊടുത്തിരുന്നു. ചാച്ഛന്മാരും, അച്ഛനും,അപ്പച്ചിമാരുമായി ഒരു കൂട്ടുകുടുംബം. അമ്മയുല്പ്പടെ 'വന്നുകേറിയ' നാത്തൂന്മാര്‍ക്ക് രണ്ടാം സ്ഥാനം മാത്രം കല്പ്പിതം. അവര്‍ക്കെല്ലാവര്‍ക്കും ഇടയിലാണ് ഏറ്റവും ഇളയ ചാച്ഛന്‍.

പഠിയ്ക്കാന്‍ അതികേമനായിരുന്നെങ്കിലും ആദ്യം പത്താംതരം തോറ്റ്, വലിയ ശകാരങ്ങള്‍ക്കും, പഴിപറച്ചിലിനുമൊടുവില്‍ രണ്ടാം തവണ രണ്ടാം ക്ലാസ്സോടെ ജയിച്ചു. ആദ്യതോല്‍വിയുടെ ന്യായീകരണങ്ങള്‍ നാത്തൂന്മാര്‍ കണ്ടെത്തിയത് പിന്നാമ്പുറത്ത് പൂത്തതിനുശേഷം മാത്രമറിഞ്ഞ കഞ്ചാവ് ചെടിയിലായിരുന്നു. ചാച്ഛന്‍, ചാച്ഛന്റേതായ ഒരുലോകത്ത്, (ഹിപ്പിയിസത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്നത് ഞാന്‍വളര്‍ന്നതിനു ശേഷം സ്വയം കണ്ടെത്തുകയായിരുന്നു) മാത്രമൊതുങ്ങി കഴിഞ്ഞിരുന്നു.

മരുമക്കത്തായത്തിന്റെ അവസാനകാലത്തിലെപ്പോഴൊ മുത്തച്ഛന്‍ അതു നടപ്പാകി. ഉണ്ടായിരുന്നവയെല്ലാം മരുമക്കള്‍ക്ക് പങ്കിട്ടു കൊടുത്തു. ആജ്ഞാനുവര്‍ത്തികളും, അടിയാളരും അവകാശം പറഞ്ഞു. ബാക്കിയുള്ളവ പലതും കഥകളിയ്ക്കും, ഉത്സവങ്ങള്‍‍ക്കുമായി തീറെഴുതിപ്പോയിരുന്നു. മുത്തശ്ശിയുടെ പേരിലേയ്ക്ക് ഏതൊ ധന്യ മുഹൂര്‍ത്തത്തില്‍ തറവാടിന്റെ അവകാശമെഴുതിയതിനാല്‍ അതുമാത്രം മെച്ചമായി. ഏറെ താമസിയാതെ മക്കത്തായം വന്നതിനാല്‍ മരുമക്കള്‍ കിട്ടിയതുമായി പത്തിമടക്കി.

ചാച്ഛന്‍റ്റെ പ്രണയം ഒരുപാട് ഉല്‍ത്തിരകളുടേതാണെന്ന് തോന്നുന്നു. അല്ല അങ്ങനെതന്നെയാണ്. തറവാടിലെ മേലാളത്തരം നിസ്സങ്കോചം, കാട്ടുവാന്‍ അടിയാളരിലെ ആളിമാരുടെ മേലില്‍ എന്തവകാശവും ഉണ്ടായിരുന്നു. അതിലും പ്രതിക്ഷേധങ്ങള്‍ ഇതേകാലഘട്ടത്തില്‍ തുടങ്ങിരുന്നു. ചാച്ഛന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം, ഒരു അടിയാത്തിപെണ്ണീനെ പ്രേമിക്കുന്നു എന്ന ശ്രുതി തറവാട്ടിലും നാട്ടിലും പടര്‍ന്നത്. മച്ചമ്പിമാരും ഇക്കാര്യത്തില്‍ നല്ല ശ്രുതിപാട്ടുകാരായിരുന്നുവെന്നാണ് കേട്ടുകേള്വി. ഒടുവില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്കൊടുവില്‍ ചാച്ഛന്‍ നാടുവിടുന്നു. അടിയാത്തി ഗര്‍ഭിണിയായിരുന്നു, അവള്‍ പെറ്റു, ഒരു പെണ്‍കുഞ്ഞിനെ. ഇതൊക്കെ സംഭവിയ്ക്കുമ്പോല്‍ എനിയ്ക്ക് ഏകദേശം നാലുവയസ്സോളമെന്നാണ് കേട്ടറിവ്.

പിന്നീട് ഞാന്‍ ചാച്ഛനെ കാണുന്നത് എന്റെ തിരിച്ചറിവിന്റെ പ്രായത്തിലാണ്. ഏകദേശം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുദിവസം പുലരുമ്പോള്‍ കോലായിലെ അരത്തിണ്ണയില്‍, നല്ല നീണ്ടു ചുരുണ്ട താടി, മുടിയില്‍ അകാലത്തിന്റെ വെള്ളിരോമങ്ങള്‍ അങ്ങിങ്ങ് തെളിഞ്ഞ്,കാവിമുണ്ടുടുത്ത ഒരാള്‍, മുക്ഷിഞ്ഞ ഒരു ജൂബായും,വീര്‍ത്ത തുണിസഞ്ചിയും കോലായിലെ ഉത്തരത്തില്‍ തൂക്കിയിട്ടിരിയ്ക്കുന്നു. തറയില്‍ നാലഞ്ച് ബീഡികുറ്റികളും. മുത്തശ്ശിയുടെ നിലവിളിയോടുകൂടിയ പ് രാക്കുവിളികളിലാണ് ചാച്ഛന്‍ ഉണര്‍ന്നത്... മുഖം നിര്‍ജ്ജീവമായി, ആരോടും, പ്രതികരിയ്ക്കാതെ ഒറ്റഭാവത്തില്‍ ചാച്ഛനിരിന്നു.

പിന്നീട് കുറെക്കാലം ലഹരി വിമോചന കേന്ദ്രങ്ങളിലും, മാനസ്സിക ചികിത്സയ്ക്കും വിധേയനാക്കിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ തുടര്‍ന്നു. പിന്നീട് വടക്കിനിയുടെ വശത്തുള്ള ഒറ്റവാതിലും,ഒറ്റ ജനലുമുള്ള മുറിയിലേക്ക് ഒറ്റപ്പെട്ടുപോയി. ആ ഒറ്റപ്പെടലിനെ വിലയിരുത്താനോ തിരുത്താനോ ഇളം തലമുറയിലെ എനിയ്ക്ക് ശബ്ദമില്ലാതെ പോയി. പിന്നീട് വര്‍ഷങ്ങള്‍ ചാച്ഛനറിയാതെ കടന്നുപോയി. ഒറ്റമുറിയില്‍ ഒരുപാട് പരിഭവങ്ങളുമായി മുഖം വീര്‍പ്പിച്ചിരിയ്ക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് മിക്കപ്പോഴും ചാച്ഛനില്‍ എനിയ്ക്ക് കാണാന്‍ സാധിച്ചത്..., ഇരുളില്‍ നഷ്ടബാല്യം തേടിയ ആ മുഖം, ജരാനരകളേറി കൂടുതല്‍ ശാന്തമാകുകയായിരുന്നോ..?

പകല്‍ നേരങ്ങളില്‍ തുറക്കപ്പെടാത്ത ജനലിനുമുന്നില്‍ സാമൂഹികമാറ്റങ്ങളുടെ പ്രതിഫലനം എന്നതു പോലെ, ധൈര്യപൂര്‍വ്വം വല്ലപ്പോഴും വന്നു നില്‍ക്കുന്ന പഴയ അടിയാത്തി, ചാച്ഛനോട് ഒരുപക്ഷേ കെട്ടിച്ചുവിട്ട മകളുടെ വിശേഷങ്ങളും, തന്റെ ഒറ്റപ്പെടലുകളേയും പറ്റി പറഞ്ഞാവാം കണ്ണുനനച്ച് മടങ്ങുക. ഉറക്കമില്ലാത്ത രാത്രിയില്‍ തുറക്കപ്പെടുന്ന ഒറ്റപ്പാളി ജനലിലൂടെ ചാച്ഛന്‍ തുറിച്ചുനോക്കി നില്‍ക്കുന്നത് വീടിന്റെ പിന്നാമ്പുറത്ത് പണ്ടു നട്ട കഞ്ചാവ് ചെടിയിലേയ്ക്കാണെന്ന് തോന്നുന്നു. അതു പൂവിടുന്നതും അതിന്റെ സുഗന്ധം പരക്കുന്നതും, ലഹരി പടരുന്നതും സ്വപ്നം കാണുകയാവും, ഉന്മാദത്തിന്റെ രണ്ടാംപദം ആടിത്തിമര്‍ക്കാനായി…..

Thursday, December 22, 2011

ശിവേട്ടന്‍....



ന്ന് പതിവിലും നേരത്തേ ഓഫീസിലെത്തണം. പുലര്‍ത്തിവരുന്ന 'പഞ്ച്വാലിറ്റി' അല്പ്പം തെറ്റിയ്ക്കാം. എന്നുംകൃത്യമായെത്തുന്നവനെന്ന പേരില്‍ ഇന്നൊരു ചോദ്യമുണ്ടാകട്ടെ, മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കട്ടെ, ചെറുതായൊന്ന് അത്ഭുതംകൊള്ളട്ടെ! “എന്തേ നേരത്തേ”യെന്ന് ശിവേട്ടനും, മീനുവമ്മയും, ജയയുമൊക്കെ ചോദിയ്ക്കട്ടെ. ഒരിയ്ക്കലും വൈകിയെത്താത്ത ഞാന്‍ ഒരിയ്ക്കല്‍ പോലും സമയത്തിന് മുന്നേയും വന്നിട്ടില്ല.ഇതൊന്നും കൃത്യനിഷ്ഠയോ, പിടിവാശിയോ അല്ല സമയത്തോടുള്ള ഒരു അടങ്ങാത്ത അഭിനിവേശം മാത്രം.

പതിവ് പരിപാടികള്‍ക്കൊടുവില്‍ അഞ്ച് നിമിഷം നേരത്തെ കതക് പൂട്ടിയിറങ്ങി, ബൈക്ക് രണ്ടാമത്തെ കിക്കിന് തന്നെ സ്റ്റാര്‍ട്ടായി"ശുഭലക്ഷണം"... മനസ്സിന് കൂടുതല്‍ ഉണ്മേഷം തോന്നി. മെയിന്‍ റോഡിലേക്ക് കടക്കാനായി ഇന്റികേറ്റര്‍ ഇട്ടപ്പോള്‍ ഒരു സംശയം... ടിവിഓഫാക്കിയോ...? ആജ്തകില്‍ വാര്‍ത്തകള്‍ പൊരിയുമ്പോഴാണ് ശിവേട്ടന്റെ ഫോണ്‍ വന്നത്. പകുതി ബട്ടനുകളിട്ട ഷര്‍ട്ടുമായിഫോണിനടുത്ത് ചെന്നപ്പോള്‍ അത് കട്ടായി, തിരിച്ച് രണ്ടു തവണ വിളിച്ചപ്പോഴും 'തിരക്കി'ലായിരുന്നു. പിന്നെ കുറേ നേരംശിവേട്ടന്റെഫോണ്‍കാളിനെ കുറിച്ചായിരുന്നു മനസ്സില്‍, കതക് പൂട്ടിയിറങ്ങും വരേയ്ക്കും. എന്തായാലും മിക്കപ്പോഴുംസംഭവിയ്ക്കുന്നത് പോലെ മുറിയില്‍ ഇന്നും 'ആജ്തക്' വാര്‍ത്തകള്‍ കൊണ്ട് നിറയട്ടെ.

ഓഫീസിന്റെ മെയിന്‍ ഗേറ്റ് കടന്ന് പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തുന്നതിന് മുമ്പേ ശ്രദ്ധയില്‍ പെട്ടിരുന്നു.... അവിടെ, കൂടെ ജോലിചെയ്യുന്ന ഒട്ടുമിക്ക ആളുകളും കൂട്ടം കൂടിനില്‍ക്കുന്നു. വണ്ടി പാര്‍ക്ക് ചെയ്തശേഷം, പതിവായി സമയം അഡ്ജസ്റ്റ് ചെയ്യാനായിട്ട്പോയിരിയ്ക്കാറുള്ള മുന്നിലെ ഗാര്‍ഡനിലേയ്ക്ക് പോയില്ല, നേരെ ആള്‍ക്കൂട്ടത്തിലേക്ക് നടന്നു. അവിടെ മലയാളി അസോസിയേഷന്റെ പണിയ്ക്കരും, പിന്നെ ഓഫീസിലെ ഭാട്ടിയും, മിശ്രാജിയും, ജയയും അങ്ങനെ അറിയുന്ന എല്ലാവരും ഉണ്ടായിരുന്നു. ഞാന്‍ അവരുടെഅടുത്തേയ്ക്ക് അടുക്കാറായപ്പൊള്‍ മിശ്രാജി മുന്നോട്ട് നടന്ന് എന്റെ അടുത്തേയ്ക്ക് വന്ന് തോളില്‍കൈയ്യിട്ട് ഒരു വശത്തേയ്ക്ക്മാറ്റിനിര്‍ത്തി, പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
"ശായദ് ആപ്കൊ പദാ നഹി ചലാ ഹോഗ....
അയാള്‍ ഒന്ന് നിര്‍ത്തി തൊണ്ടയിടറിത്തെളിച്ചിട്ട് തുടര്‍ന്ന്.
"ഹമാരാ ശിവാ ഭായി.. .. " വാക്കുകള്‍ മുറിയുന്നു....

എന്റെ മനസ്സ് വല്ലാതുഴറിപ്പിടച്ചു...

അപ്പോഴേയ്ക്കും ഒന്നു,രണ്ടുപേര്‍ കൂടി അടുത്തേയ്ക്ക് വന്നു.

" ക്യാഹുവാ...?" ഞാ‍നൊരു വിധം ചോദിച്ചു...

ശിവേട്ടന്റെ റൂമിലേയ്ക്കുള്ള യാത്രയില്‍ ചെറിയ വിശദീകരണങ്ങള്‍ കിട്ടി. അരമണിയ്ക്കൂര്‍ ആയിട്ടില്ല.... തൊട്ട് താഴെതാമസിയ്ക്കുന്നഗുജറത്തി ഫാമിലിയില്‍ നിന്നാണ് ഓഫീസിലേയ്ക്ക് ഫോണ്‍ വന്നത്. എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് അവര്‍ മുകളിലേയ്ക്ക്പോയി നോക്കിയത്. അവര്‍ എത്തുമ്പോഴേയ്ക്കും ആ ശരീരം നിശ്ചലമായി കഴിഞ്ഞിരുന്നു.

ശിവേട്ടന്റെ ലോകം, അടുക്കളയും ബാത്ത് റൂമു മുള്ള ഒറ്റമുറി. ഭംഗിയായി അടുക്കി, ഒതുക്കി പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ച, എന്റെ ബാച്ചിലര്‍ ജീവിതത്തെ പലപ്പോഴും കൊതിപ്പിച്ച വൃത്തിയുള്ള, ശിവേട്ടന്റെ ലോകം. പലപ്പോഴും ഈ മുറിയ്ക്കുള്ളില്‍അദ്ദേഹത്തിന്റെ സ്വകാര്യത പങ്കിടുമ്പോള്‍ സന്തോഷിയ്ക്കുവാനും, സങ്കടപ്പെടാനും ഞാനും കൂടാറുണ്ട്. കവിതകളും, കഥകളും, ദു:ഖങ്ങളും മാത്രം സ്വകാര്യതകളാകുന്ന ആ മനുഷ്യന്റെ ചുണ്ടില്‍ ഒരിയ്ക്കലും വാടാതെ സൂക്ഷിയ്ക്കുന്ന പുഞ്ചിരി. അതേപുഞ്ചിരി പ്രാണന്‍ വിട്ടകന്ന വേദനയുടെ ഒടുവിലും ചുണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എനിയ്ക്ക് തോന്നി.

പണിക്കരേട്ടന്‍ തന്നെയാണ് എല്ലാത്തിനും മുന്നിട്ട് നിന്നത്, ആശുപത്രിയില്‍ എത്തിച്ചതും മരണസര്‍ട്ടിഫിക്കേറ്റ് വാങ്ങിച്ചതും.ഇതിനിടയില്‍ ശിവേട്ടന്റെ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹവുമായി ഏറ്റവും അടുപ്പംകൂടുതലുള്ളവനെന്നതിനാല്‍ എന്നോട് തന്നെയായിരുന്നു മറ്റുള്ളവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്...

"വീട്ടിലറിയിച്ചോ.... അവരെന്തുപറഞ്ഞു..., അങ്ങോട്ട് കൊണ്ട് പോകാന്‍...? , എങ്ങനാ കാര്യങ്ങള്‍ക്കൊരു തീരുമാനം...." ചോദ്യങ്ങള്‍നിരവധിയാണ്.

ഭാര്യയുമായി പിണങ്ങിയിട്ട് 'വര്‍ഷം പതിനാറായി' എന്ന് ശിവേട്ടന്‍ രണ്ടാഴ്ച മുന്നേയുമൊരു തമാശപോലെ പറഞ്ഞതാണ്. ഒരുമകനുണ്ട്, ബാംഗ്ലൂരില്‍ എവിടെയൊ പഠിയ്ക്കുകയൊ, അല്ല അത് കഴിഞ്ഞ് പണിയെടുക്കുകയോയാണ്. മകനുമായി ഒരു ബന്ധവുംകഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല്ല. ഭാര്യയുടെ ഓര്‍മ്മകള്‍ ശിവേട്ടനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ആയകാലം മുതല്‍കുടുംബത്തിനു വേണ്ടി പണിയെടുത്തു.നാടും, വീടും, കൂട്ടും, പ്രണയവും എല്ലാം ഉപേഷിച്ച് വടക്കേയിന്ത്യന്‍നഗരങ്ങളിലെഒറ്റമുറികളില്‍ സ്വപ്നങ്ങളെ അടച്ചിട്ട് അമ്മയ്ക്ക്,പെങ്ങള് ‍ക്ക്, സഹോദന് എന്നു പറഞ്ഞ് മാറി,മാറി അയച്ച മണിയോര്‍ഡറുളുടെ 'ബാക്കിപത്രം' ഇന്നും ശിവേട്ടന്‍ സൂക്ഷിച്ചിട്ടുണ്ട്...

" എടോ... എനിയ്ക്കാരോടും കണക്ക് ബോധ്യപ്പെടുത്താനൊന്നുമല്ല... എന്റെ ജീവിതത്തിന്റെ ബാലന്‍സ്ഷീറ്റ് ശൂന്യമല്ല എന്ന്എനിയ്ക്കെന്നെ വിശ്വസിപ്പിയ്ക്കുവാന്‍ മാത്രം.. നഷ്ടങ്ങളുടെ മാത്രം കണക്ക് നിരത്താന്‍ എനിയ്ക്കാവില്ല. അങ്ങനെയായിരുന്നെന്നെങ്കില്‍ഗായത്രി എന്നെ വിട്ട് പോകില്ലായിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി എന്നെ പങ്ക് വയ്ക്കുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു. 'നീസ്വാര്‍ത്ഥയാണെന്ന് ' ഞാനവളെ കുറ്റപ്പെടുത്തി... ഒടുവില്‍ ഒരു വശത്തുനിന്നും എന്റെ കുടുംബവും മറുവശത്ത് ഗായത്രിയും മകനുംഎന്നില്‍ നിന്നും അകന്നുമാറുകയായിരുന്നു."

ശിവേട്ടന്റെ തറവാട്ടില്‍ ഇപ്പോള്‍ ഒരനുജനും കുടുംബവുമാണ് താമസം, അവിടെ വിളിച്ചപ്പോല്‍ മരണത്തേക്കാള്‍ മരവിച്ചമറുപടിയാണ് കിട്ടിയത്, ഗായത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്കൊന്നുംഅറിയില്ല' എന്ന നിസ്സംഗതയും.... പണിക്കരേട്ടന്‍തിരക്കുകളില്‍ നിന്നും പുറത്തേയ്ക്ക് വന്നു...

"ടാ.. എന്തായി ആരെയെങ്കിലും കിട്ടിയോ..? അക്ഷമയോടെ ആ മുഖം തുടുത്തിരുന്നു... "എന്തായാലും ഞാന്‍ ഡെഡ്ബോഡിമോര്‍ച്ചറിയില്‍ വയ്ക്കാനുള്ള ഫോര്‍മാലിറ്റീസ് ചെയ്തിട്ടുണ്ട്... ബന്ധുക്കള്‍ ആരെങ്കിലും ഇല്ലാതെ നമുക്കെന്ത് ചെയ്യാനാകും.. "

"ഇല്ല പണിക്കരേട്ട... ഇതുവരെ ആരും വരുന്നതായ ഒരറിവും ഇല്ല.."

"ശിവേട്ടന്റെ ഭാര്യയും, മകനും മറ്റും...?"

"അവരെപറ്റിയും ഒരു വിവരവുമില്ല"

"ശ്ശെ..." പണിക്കരേട്ടന്‍ കൂടുതല്‍ അക്ഷമനായി... " മനുഷ്യരുടെ ഓരോ അവസ്ഥകള്‍" അയാള്‍ സ്വയം പറഞ്ഞു. നീയൊരു കാര്യം ചെയ്യൂ...കഴിയുന്നത്ര ശ്രമിച്ച് നോക്കു... വിവരമറിഞ്ഞാല്‍ ആര് വന്നില്ലെങ്കിലും അവര്‍ക്ക് വരാതിരിയ്ക്കാനാകില്ലല്ലോ... അവര്‍ വരും...അത്രയ്ക്ക് പാപങ്ങളൊന്നും ഈ മനുഷ്യന്‍ ചെയ്തിട്ടില്ലല്ലോ..,"

പണിക്കരേട്ടന്‍ വികാരാധീനനായി... ആ കണ്ണുകളിലെവിടെയൊ വ്യഥയുടെ കരട് കുത്തുന്നുണ്‍ടായിരുന്നു.

തുടര്‍ശ്രമങ്ങള്‍ക്കൊടുവില്‍ ഗായത്രിയമ്മയേയോ, മകനെക്കുറിച്ചോ അവര്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നതിനപ്പുറം കിട്ടിയ, ഉപയോഗത്തിലില്ലാത്ത മൊബേല്‍ നമ്പര്‍ മാത്രമായിരുന്നു മിച്ചമായത്...

പണിക്കരേട്ടന്‍തിരിച്ചുപോയിരുന്നു... എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണം എന്നു മാത്രം പറഞ്ഞു.

ശിവേട്ടന്‍ ഇന്ന് മോര്‍ച്ചറിയിലെ മരവിപ്പില്‍ വിശ്രമിയ്ക്കട്ടെ.... ആരുമില്ലാത്തവനെന്നെ ആ തോന്നല്‍ എന്നേ ആ മനുഷ്യന്റെ മനസ്സിനെമരവിച്ചു കഴിഞ്ഞുകാണും. നാളെ എന്തായാലും ഉച്ചയോടെ ഒരു തീരുമാനത്തിലാകണം എന്ന ഉറച്ച് ചിന്തിച്ചുകൊണ്ട് ആശുപത്രിയില്‍നിന്നും ഇറങ്ങി. റൂമില്‍ എത്തിയപ്പോള്‍ ഇരുള്‍ മൂടിക്കഴിഞ്ഞിരുന്നു. 'ആജ്തക്' അപ്പോഴും വാര്‍ത്തകള്‍ വിളമ്പുകയാണ്...എവിടെയോ ട്രയിന്‍ മറിഞ്ഞ ദൃശ്യങ്ങള്‍, മുറിവേറ്റവര്‍, മരിച്ചവര്‍... വിശപ്പ് മരവിച്ചിരുന്നു, മേശമേലിരുന്ന കുപ്പിയിലെ വെള്ളംരണ്ടു,മൂന്ന് കവിള്‍ കുടിച്ചു... റിമോട്ടെടുത്ത് ടിവി ഓഫാക്കി.... ശൂന്യമായ മനസ്സുമായി കിടക്കയിലേക്ക് വീണു.

“അവര്‍ വരുമോ... ആ മകനെങ്കിലും... അവന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍.... ? ഒരു പക്ഷേ..... .”ചിന്തകള്‍ വഴിയറിയാതെ അലയുമ്പോള്‍ മനസ്സ് കൊണ്ട് ശിവേട്ടന് ഒരച്ഛന്റെ സ്ഥാനം സങ്കല്പ്പിയ്ക്കുകയായിരുന്നു. ആരുവന്നില്ലെങ്കിലും ഒരു മകന്റെ സ്ഥാനത്ത്
നിന്നുകൊണ്ട് വേണ്ടതെല്ലാം ചെയ്യണം... ..

മേശപ്പുറത്തിരുന്ന ഫോണിന്റെ ഡിസ്പ്ലെ തെളിഞ്ഞു, വൈബ്രേറ്ററിന്റെ ഞെരക്കം... രാവിലെ ആശുപത്രിയില്‍ വച്ച് 'സൈലന്റ്മോഡാ'ക്കിയതാണ്. ഫോണെടുത്തു... പരിചയമില്ലാത്ത നമ്പര്‍, മറുവശത്ത് നിന്നും സ്വയം പരിചയപ്പെടുത്തി 'ഗായത്രിയമ്മയുടെ മകന്‍' "ഞങ്ങള്‍ ഇപ്പോള്‍ പുറപ്പെടുന്നു. നാളെ ഉച്ചയോടെ അവിടെയെത്തും". കൂടുതല്‍ വിശദീകരണങ്ങള്‍ ഇല്ലാതെ ഫോണ്‍ കട്ടായി.

ഉടനെതന്നെ പണിക്കരേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.... "എന്റെ പ്രതീക്ഷ തെറ്റിയില്ല" എന്ന നിശ്വാസത്തോടെ നാളെക്കാണാമെന്ന്പറഞ്ഞ് അദ്ദേഹം ശുഭരാത്രി നേര്‍ന്നു.

കിടക്കയില്‍ ഉറക്കം വരാന്‍ കൂട്ടാക്കാത്ത കണ്ണുകളടച്ചു കിടക്കുമ്പോള്‍ നഷ്ടബോധത്തിന്റെ ശൂന്യതയിലേയ്ക്ക് മനസ്സ് പാറിനടന്നു.

Sunday, December 18, 2011

ഡിലീറ്റ്




റോസ് ലിന് ദിവാസ്വപ്നത്തില് നിന്നെന്നപോലെ ഉണര്ന്നു... കോളേജില് പോയ മകള് മറന്നു വച്ച മൊബേല് കയ്യിലിരുന്നു ചിലച്ചു. ഡിസ്പ്ലേയില് 'ലച്ചു' എന്ന് എഴുതി കണ്ടു... റോസ് ലിന് രണ്ടു, മൂന്ന് നിമിഷം മൊബേലില് അങ്ങനെ തന്നെ നോക്കിയിരുന്നു, ശേഷം കാതിലേയ്ക്ക് അടുപ്പിച്ചു.

"അമ്മേ ഇത് ഞാനാ... മൊബേല് എടുക്കാന് മറന്നു... അത് അവിടെ തന്നെയുണ്ടോ എന്ന് ഉറപ്പാക്കാന് വിളീച്ചതാ... " പിന്നെ എന്തോ കൂടി പറഞ്ഞിട്ട്.. 'തിരക്കാണ്' എന്ന വാക്കില് ഫോണ് നിശബ്ദമായി.

റോസ് ലിന് മകളുടെ ഫോണിലെ മസ്സേജ്ബോക്സ്സും, സേവ്ഡ് മസ്സേജും, എം. എം. എസ്സുകളും, ഫോട്ടോസ്സും എല്ലാം നോക്കിക്കാണുകയായിരുന്നു. ഭാഷയുടെ പരിമിതിയില്പ്പെട്ട് പല പ്രണയ, സൗഹൃദ സന്ദേശങ്ങളുടേയും അതിന്റെ കാതലായ അര്ത്ഥതലത്തില് ചെന്നെത്തി വായിയ്ക്കുവാനായില്ല. എന്തൊക്കെയാണ് ഇന്നെത്തെ കുട്ടികള് കാട്ടിവച്ചിരിയ്ക്കുന്നത്.. എന്തെല്ലാം തരത്തിലുള്ള ഫോട്ടാസ്സ്, പ്രണയ സ്ക്രാപ്പുകള്‍...... റോസ് ലിന് മകളോട് നീരസം തോന്നി... ഇന്നിങ്ങ് വരട്ടെ എന്ന് മനസ്സില് വിചാരിച്ചു. മനസ്സ് കൂടുതല് അസ്വസ്ഥമാകുകയാണ്... എങ്കിലും അവള്‍..??

പല ചിന്തകളില്‍ മനസ്സ് കൂടുതല് സംഘര്ഷഭരിതമായി.... ഒടുവില് ഭര്ത്താവിനോട് പറയാം എന്ന തീരുമാനത്തില് വീട്ടിലെ ലാന്റ് ലൈനില് നിന്നും ചെറിയാച്ചന്റെ മൊബേലിലേയ്ക്ക് വിളിച്ചു. മറുതലയ്ക്കല് ചെറിയാച്ചന്റെ ശബ്ദം.... റോസ് ലിന് ഒന്നറച്ചു, പിന്നെ "തിരക്കിലാണോ...?" എന്ന് ചോദിച്ചു.

"ഇല്ല, പറഞ്ഞോളു"

"അതു പിന്നെ.... നമ്മുടെ മോളിന്ന് ഫോണും മറന്നു വച്ചാ കോളേജില് പോയേക്കുന്നത്...

"അതിനെന്ത..?"

"അതല്ല.... ഞാന് വെറുതെ ഫോണ് മൊത്തത്തില് ഒന്ന് നോക്കി"...

"നല്ല കാര്യം" ചെറിയാച്ചന് തമാശ രൂപത്തില് ചിരിച്ചു പറഞ്ഞു.

"ഉം.. നല്ല കാര്യങ്ങള്‍... ഇന്നത്തെ പിള്ളേര് എന്തൊക്കയാ കാണിച്ച് വച്ചിരിയ്ക്കുന്നത് എന്നറിയോ..?"

"ഇല്ല എനിയ്ക്കറിയില്ല... " വീണ്ടും ചിരികൊണ്ടുള്ള മറുപടി...

"ചിരിച്ചോ.. ചിരിച്ചോ... ഞാന് പറഞ്ഞത് പിന്നീടേ മനസ്സിലാക്കൂ..." റോസ് ലിന് പരിഭവിച്ചു.

"റോസ്... നിനക്കറിയില്ല... ഇന്നിന്റെ കൗമാരവും, പ്രണയവും..."

ചെറിയാച്ചന് ഒരു നിമിഷം നിശബ്ദനായി...

"റോസ്... നമ്മുടെ മോളുടെ എല്ലാ കാര്യങ്ങളിലും എന്റെ ശ്രദ്ധയുണ്ട്... അവളുടെ സൗഹൃദങ്ങള് മുതല് മൊബേല് വരേയ്ക്കും, ഞാന് ഇതൊക്കെ നേരത്തെ കണ്ടതാണ്... ഇതിലൊന്നും വലിയ കാര്യങ്ങളില്ല. ഇന്നിന്റെ പ്രണയവും, സൗഹൃദവും ഇങ്ങനെയൊക്കയാ... നീ മൊബേലിലെ ഓപ്ഷന് സ്വിറ്റ്ച് കണ്ടോ..? “ഡിലിറ്റ്എന്നെഴുതിയിരിയ്ക്കുന്നത്.... ഒരു തവണ പ്രസ്സ് ചെയ്താല് മതി എല്ലാം മാഞ്ഞുപോകും... അത്രമാത്രമേയുള്ളു ഇന്നിന്റെ ഹൃദയ ബന്ധങ്ങള്. വീണ്ടും നമുക്ക് എന്തൊക്കെ വേണമെങ്കിലും 'സേവ്' ചെയ്യാം. അല്ലാതെ എന്നേം, നിന്നേം പോലെ ഓര്മ്മകളുടെ, ബന്ധങ്ങളുടെ, പ്രണയത്തിന്റെ, സൗഹൃദങ്ങളുടെ പഴയ പെട്ടിയും നെഞ്ചില് ചേര്ത്ത് പിടിച്ച് ഇന്നത്തെ തലമുറ ഉറക്കമൊഴിയാറില്ല."

റോസ് ലിന് നിശബ്ദയായിരുന്നു....

ചെറിയാച്ചന്റെ മനസ്സിലെ ആശങ്കകള്‍ക്ക് കൂടുതല്‍ കനംവച്ചു....

"തല്ക്കാലം മകളോട് ഒന്നും ചോദിയ്ക്കരുത്" എന്ന് പറഞ്ഞ് ചെറിയാച്ചന് ഫോണ് കട്ടു ചെയ്തു.

റൊസ് ലിന് ചിന്തകളിലേയ്ക്ക് വഴുതുകയായിരുന്നു....

ഭൂതകാലത്തിലേയ്ക്കുള്ള വര്ണ്ണാഭമായ ഓര്മ്മകളെ ഇന്നും നിറം മങ്ങാതെ സൂക്ഷിച്ച് വച്ചിട്ടുണ്ട്.... മനസ്സിലും, റൂമിലെ സൈഡ് ഷൈഡിന്റെ മൂലയിലെ പഴയ പെട്ടിയിലും. അന്നെത്തെ ആശംസാകാര്ഡുകള് എത്ര നിറമുറ്റതായിരുന്നു. അതില് എന്തെല്ലാം സ്വപ്നങ്ങളാണ് ചിറകു വിടര്ത്തി നിന്നിരുന്നത്.. പ്രണയപ്പൂക്കളുടെ വസന്തങ്ങള് ഹൃദയത്തില് എത്രയാണ് പൂത്തുവിടര്ന്നത്... ഓര്മ്മകള്ക്ക് നിറം മങ്ങിവരുന്ന ഏകാന്തതകളില് പഴയ പെട്ടി തുറക്കപ്പെടുന്നു. ആയിരം നിറമുള്ള ശലഭങ്ങള് പറന്നുയര്ന്ന് മനസ്സിനെ മായികമായ ലോകത്തെത്തിയ്ക്കുന്നു. അവിടെ മലാഖമാരുടെ, മണവാട്ടിയുടെ കുപ്പായമിട്ട് കൈയ്യില് കടുംചുവപ്പ് നിറമുള്ള റോസാപ്പൂക്കളുമായി ചുവന്ന പരവതാനി വിരിച്ച വഴിയിലൂടെ.....

റോസ് ലിന് തന്റെ മനസ്സിലെ, പഴയ പെട്ടിയ്ക്കുള്ളിലെ ഓര്മ്മകളുടെ വസന്തത്തിലേയ്ക്ക്...... വിടവാങ്ങലിന്റെ വേളയില് പ്രിയപ്പെട്ട ആരോ എഴുതിയ രണ്ട് വരികളിലേയ്ക്ക്...


" നീ നിന്നിലേക്കൊതുങ്ങുമ്പോള്

ഓര്ക്കുക ഞാനും, നീയായിരുന്നെന്ന്.."





**************************************************

Friday, December 16, 2011

ഗാന്ധിമാര്‍ഗ്ഗം.



എല്ലാവര്‍ഷവും ക്ഷണിയ്ക്കപ്പെടുന്നതുപൊലെ 'ഗാന്ധിജയന്തി' പ്രഭാഷണത്തിന്
ഇക്കൊല്ലവും വിളിയ്ക്കുമെന്ന് കരുതിയിരിയ്ക്കുമ്പോഴാണ് ഫോണ്‍
വിളി വന്നത്. കഴിഞ്ഞതിന്നങ്ങേക്കൊല്ലംവരേയ്ക്കും കുറച്ചുപേര്‍ വന്ന്
വിളിയ്ക്കുകയായിരുന്നു പതിവ്. മൊബേല്‍ ഫോണ്‍ കയ്യില്‍ കിട്ടിയതില്‍ പിന്നെ
വന്നു വിളികള്‍‍ക്ക് പകരം "വിളികള്‍" മാത്രമായി. മൂന്ന് ദിവസം കൂടിയുണ്ട്
ഒക്ടോബര്‍ രണ്ടിന്... കുറച്ചൊരു തയ്യാറെടുപ്പ് നേരത്തെതന്നെ വേണം.
പഴയതുപോലെ ധൃതികൂട്ടി ഒന്നുമാകില്ല- പ്രായമേറുകല്ലേ...!!!

പ്രഭാഷണത്തെക്കുറിച്ച് വേവലാതിയില്ല... എല്ലാം വര്‍ഷങ്ങളായി
പാടുന്നതല്ലേ... ദണ്ഡിയാത്രയും, ഉപ്പു സത്യാഗ്രഹവും, കേരളസന്ദര്‍ശനവും,
സബര്‍മതി ആശ്രമവും, ഖാദിയും, എല്ലാമെല്ലാം ഒടുവില്‍ അഹിംസയില്‍
പൊതിഞ്ഞെടുക്കണമെന്നു മാത്രം. എങ്കിലും ഇക്കുറി ഗോഡ്സേയെ കുറിച്ച് ഒന്നും പരാമര്‍ശിയ്ക്കേണ്ട... അഹിംസക്കിടയില്‍ ഹിംസയക്കുറിച്ച് സംസാരിയ്ക്കണ്ട. എല്ലാം അതിന്റെ മുറയ്ക്ക് തന്നെ പോകട്ടെ...!!പിന്നെ വസ്ത്രത്തിന്റെ കാര്യം അതൊക്കെ ഡ്രൈക്ലീനിംഗ് ചെയ്ത് വെടിപ്പാക്കി വച്ചിട്ടുണ്ട്. തൊപ്പി എടുത്ത് നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്- കഴിഞ്ഞ തവണ ഉപയോഗിച്ച തൊപ്പികഴുകാതെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. അന്ന് പിടിച്ച വിയര്‍പ്പിന്റെ നനവുണ്ടായിരുന്നിടത്തെല്ലാം കരിമ്പനടിച്ചിരിയ്ക്കുന്നു. ഇനി ഉപയോഗിയ്ക്കാനാകില്ല. നാശം ഇനി വേറെ വാങ്ങാണം.. !! അഥവാ സമയത്ത് കിട്ടിയില്ലങ്കിലോ... ? ആകെ ചിന്തയായി.

പള്ളിയ്ക്കടുത്തുള്ള കുഞ്ഞാലിയുടെ കടയില്‍ നിന്നും ഒരു തൊപ്പി വാങ്ങി നടേശന്റെ തുന്നല്‍ പീടികയില്‍കൊടുത്ത് ഒരു അഴിച്ചുപണി നടത്തി "ഗാന്ധിത്തൊപ്പി" റെഡിയാക്കി.

നടക്കാന്‍ കുറച്ചെങ്കിലുമൊക്കെ ആകുമെങ്കിലും ചെറുമക്കള്‍ക്ക് കുറച്ചിലെന്ന് പറഞ്ഞ് സംഘാടകരോട് വണ്ടി ആവശ്യപ്പെട്ടിരുന്നത് കൃത്യസമയത്തു തന്നെ വന്നു പടിക്കല്‍ നിന്നും ഹോണടിച്ചു. മേശമേല്‍ വച്ചു മറന്ന കണ്ണടയ്ക്കായി പടിയ്ക്കലെത്തിയപ്പോള്‍ ഓര്‍മ്മതെളിഞ്ഞു. തിരികെ കേറണ്ട എന്നു കരുതി വിളിച്ച് പറയുവാന്‍, പറഞ്ഞാല്‍ അതുകൊണ്ടുവന്ന് തരാന്‍ പാകമായവരൊന്നുമില്ലായെന്ന് അറിയാമായിരുന്നതിനാല്‍ വണ്ടിക്കാരോട് "ദാ..ഇപ്പോ വരാം" എന്നാംഗ്യഭാഷകാട്ടി തിരിഞ്ഞു നടന്നു.

ഗാന്ധി സ്മരണയും, പ്രഭാക്ഷണവും കഴിഞ്ഞ്, വെജിറ്റേറിയന്‍ സദ്യയ്ക്ക് മുന്നില്‍
വിശപ്പില്ലായ്മ ഭാവിച്ചു, പിന്നീട് എല്ലാവരോടും യാത്രപറഞ്ഞ് ഹസ്തദാനം ചെയ്യുമ്പോള്‍ സംഘാടക മുഖ്യന്‍ കയ്യിലേയ്ക്ക് തിരുകി വച്ച കടലാസ്സ് കക്ഷണം എന്താണെന്ന് മനസ്സിലായി.
കുറച്ച് മാറി നിന്ന് കൈയ്യിലെ കടലാസ് (കാശ്) നോക്കുമ്പോള്‍ അഞ്ഞൂറ്
രൂപയുടെ ഒറ്റനോട്ട്. തിരിഞ്ഞ് സംഘാടകനെ നോക്കി. അദ്ദേഹം ഒരു നിറഞ്ഞ ചിരി
സംഭാവന ചെയ്തു. നോട്ടുമായി നടന്ന് സംഘാടകനടുത്തെത്തി. പതിയെ പറഞ്ഞു.

" എന്താ ഈ ഗാന്ധി മഞ്ഞിച്ചിരിയ്ക്കുന്നെ...? കഴിഞ്ഞതവണ വന്നപ്പോഴും ഇതേ പരുവമായിരുന്നു. ഞാന്‍ മിനിമം ഒരു ചുവന്ന് തുടുത്ത ഗാന്ധിയേയെങ്കിലും പ്രതീക്ഷിച്ചാ വന്നത്",

പിന്നീട് ആ അഞ്ഞൂറ് മാറ്റി ആയിരമാക്കി പടിയിറങ്ങുമ്പോള്‍ എന്തോ പറയാന്‍ മറന്നത് ഓര്‍ത്തെടുത്തതു പോലെ പറഞ്ഞു-

"ജയ് ഹിന്ദ്"...

അപ്പോഴും ഹാളില്‍ നിന്നും "രഘുപതി രാഘവ രാജാറാം.." എന്ന ഗാനത്തിന്റെ മുരളീരവം പിന്തുടരുന്നുണ്ടായിരുന്നു.


********************************************************************************