Thursday, June 21, 2012

"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ?


"ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???


എന്തെഴുതാൻ തുടങ്ങുമ്പോഴും മനസ്സിൽ തിരതുള്ളി വരുന്ന ചില ചിന്തകൾ...
ഒൻപതാം ക്ലാസ്സിലെ ചെറുകഥാ മത്സസരത്തിൽ, മനസ്സിൽ നാമ്പിട്ട പ്രണയത്തിന്
വർണ്ണച്ചിറകുകൾ വിടർത്തി കടലാസ്സിൽ പകർത്തിപ്പോൾ, അത് വായിച്ച് ടീച്ചർ പറഞ്ഞത്..

മാലിനി... എന്താ എഴുതി വച്ചിരിയ്ക്കുന്നത് ചുംബനത്തെക്കുറിച്ചക്കെ
ഇത്ര ആധികാരികമായി... നിനക്കതിനുള്ള പ്രായമായിട്ടില്ല കുട്ടി.. മാധവികുട്ടിയുടെ
കഥകൾ വായിച്ചിട്ടുണ്ട് അല്ലെ.. അതാ ഇന്നത്തെ പെൺകുട്ടികളുടെ ഒരു കുഴപ്പം...
എഴുതുമ്പോൾ മാധവി കുട്ടി, പാടുമ്പോൾ ചിത്ര, ഓടുമ്പോൾ ഉഷ.. സ്വന്തമായ കാഴ്ച്ചപ്പാടുകൾ
ഭാവനയിൽ നിറപിടിപ്പിയ്ക്കു... ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്..

അന്ന് ഭവാനി അമ്മ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഏറെക്കുറെ അപ്പോൾ മനസ്സിലായി
എങ്കിലും "ചുവപ്പ് മാത്രമല്ലല്ലൊ" നിറമായി എന്നുപറഞ്ഞത്... ഇന്നും ഒരു ചോദ്യ ചിഹ്നമാണ്...

മനസ്സിൽ എഴുതണമെന്ന അടങ്ങാത്ത ആഗ്രഹങ്ങൾ വന്നു തലതല്ലി ഒടുങ്ങുന്നത് അതേ നിറമുള്ള
ചോദ്യകല്ലിൽ തന്നെയാണ്. ആത്മാംശമില്ലാതെ ഒരാൾക്കും ഒന്നും എഴുതുവാൻ കഴിയില്ല എന്ന
തിരിച്ചറിവ് പലപ്പോഴും എന്നെ ഞാനറിയാതെ പിന്തിരിപ്പിയ്ക്കുന്നത് എന്നിലെ സ്ത്രീത്വം തന്നെ...

ഒരു പെൺകുട്ടി ചുംബനത്തെകുറിച്ച് സംസാരിച്ചാൽ,എഴുതിയാൽ അതിന് സദചാരത്തിന്റെ മതിലുകൾ പൊളിയ്ക്കുവാനുള്ള ശക്തിയുണ്ടെന്ന് പറയുന്നവരുടെ ഇടയിൽ പൂര്ണ്ണ ലൈംഗികതയേകുറിച്ചും, അതിന്റെ അനുഭൂതിയേയും,അനുഭവത്തേയും കുറിച്ച് വര്ണ്ണിച്ചാൽ അവളിൽ സാഡിസത്തിന്റെ മനോവൈകല്യങ്ങളെ ഇഴചേർത്ത് പുതിയ കഥകൾ നിറയ്ക്കുന്ന സാഹിത്യപർവ്വങ്ങൾ, അവിടെയ്ക്ക് മാലിനിയെന്ന ഞാൻസാഹിത്യക്കാർക്ക് മാത്രം അവകാശപ്പെട്ട തൂലികാനാമം എന്ന മുഖമൂടി അണിയുകയാണ്..

ഒരു വാചകത്തിന്റെ, നിറത്തിന്റെ നിർ വ്വചനം തേടി.. "ചുവപ്പ് മാത്രമല്ലല്ലൊ നിറമായുള്ളത്".. ???
 
 
 
 
 
 
 

Saturday, March 31, 2012

തെക്ക് പടിഞ്ഞാറ്റല്ലേ.... ?




തെക്കോട്ടൊള്ള വണ്ടീ കേറിയാ തിരോന്തരത്തെത്തുവോ,.. ?“
അരനരയനയ്യപ്പന്റെ ചോദ്യം.
“എങ്കയെടത്തീന്ന് ഏറിയാലെന്നാ... ചോയിച്ചത് ?“- തമിഴന്റെ നല്ല മലയാളം..
‘ഇവിടന്ന്‘- അരനരയനയ്യപ്പൻ നിന്നിടത്ത് നിന്നു താഴേക്ക് വിരൽ ചൂണ്ടി..
മുഖം കോടിയ തമിഴൻ “തെരിയാത്”-
ഈ പാണ്ടികളുടെ ഒരു പവ്വറേ... അയ്യപ്പൻ ചിറി കോട്ടി.. ങ്ഹും...
തെക്കും, വടക്കും-!! ദിക്കുകൾ മാത്രമറിയുന്ന അയ്യപ്പൻ റോഡ് മറികടന്നതും..
റെയ്ഞ്ചർ സൈ‘ക്കിളി‘ൽ പറന്നു വന്ന പത്തുവയസ്സുകാരൻ ഫുൾബ്രേക്കിട്ട് നിർത്തി, അയ്യപ്പനോട് “അമ്മാവാ’ വീട്ടിപ്പറഞ്ഞിട്ടാണോ ഇറങ്ങിയത്”..
അരനരയൻ ഒന്നു നോക്കി- ചെറുമകന്റെ മകന്റെ പ്രായമില്ലാത്തവന്റെ ചോദ്യം കേട്ടാ- എന്ന് മനാസ്സിൽ വിചാരിച്ചു..
അവൻ ഗിയർ മാറ്റി, നോട്ടം കൊണ്ട് ചവിട്ടി, വിട്ടു പോയ്..
ഇനി ആരോടാ ഒന്ന് ചോദിക്കാ...ന് എന്നു ചിന്തിച്ചു നോക്കുമ്പോൾ മുന്നിലിതാ നിൽക്കുന്നു സുകുമാര ചെറുപ്പക്കാരൻ.,..
ചിരിക്കുന്നു, പറയുന്നു, കെഞ്ചുന്നു,കൊഞ്ചുന്നു, ആകാക്ഷിക്കുന്നു, പരിഭവിക്കുന്നു, വിതുമ്പുന്നു, ശൃംഗരിക്കുന്നു.. ദ്വേഷവും, പരിഹാസവുമൊന്നുമില്ല... പക്ഷേ ആരെക്കാട്ടാനാ.. ? അതു മാത്രം അരനരയനു മനസ്സിലാകുന്നില്ല...
‘ങാ.. ഇനി വല്ല ആട്ടക്കാരനുമാവും- എന്തായാലും ചോയിക്കാം’ എന്ന് നിരീച്ച് അയ്യപ്പനടുക്കുന്നു.. ഇടയ്ക്കൊരു കണ്ണേറ്റമേറ്റി അയാള് ദാ വശത്തേക്ക് പോകുന്നു.. “ഇവനിതെന്തോന്ന് പറ്റിയതാ...? എന്ന ചിന്തയിൽ അയ്യപ്പൻ അരനരചൊറിഞ്ഞു...
‘സോ സോറീടാ... ഞാൻ ഡേ ആഫ്റ്ററിൽ അവിടെ ഉണ്ടാകും.. പ്രോമിസ്ഡാ... ഐ ലൌ ഡാ...” എന്ന് പറഞ്ഞ് ചെറുപ്പക്കാരാൻ സ്വന്തം കൈവെള്ളയിൽ മുത്തമിടുന്നത് കണ്ട് അയ്യപ്പന്റെ നിരൂപണം പൂർത്തിയായ്..
“നല്ലൊരു ചെറുപ്പോങ്ങനായിരുന്നു- കഷ്ടം ഇങ്ങനെയായല്ലോ...”
എന്തായാലും ഒന്നും മിണ്ടാം എന്നു കരുത്-
‘മകാനേ’ അയ്യപ്പന്റെ സ്നേഹപൂരിതമായ വിളി സുകുമാരൻ മനസ്സിലാകാത്തത് പോലെ അയ്യപ്പന്റെ മുഖത്ത് നോക്കി..
‘മകാനേ..‘ അരനരയൻ വീണ്ടു വിളിച്ചു....
ചെറുപ്പക്കാരൻ ഈർഷ്യം നിറഞ്ഞ മുഖമോടെ ചെവിയിൽ നിന്നും ‘ഇയർ ഫോൺ” വലിച്ചൂരി... ചോദ്യഭാവത്തിൽ നോക്കി..
ഇവനിതെന്താ ചെയ്യുന്നതെന്ന് അയ്യപ്പനും.. !
“അതേ എന്താ പ്രശ്നം..? മിസ്റ്റർ..?”“
അത് ഞാനങ്ങോട്ട് ചോദിക്കാനല്ലേ വിളിച്ചത്- എന്ന് അയ്യപ്പൻ മനസ്സിൽ ചോദിച്ചു, എന്നിട്ട് പറഞ്ഞു- “ഓ... ഒന്നുമില്ല മകാനേ... തിരോന്തരം പാഗത്തേക്കുള്ള വണ്ടി നോക്കി നിക്കുവാ.. “
അത് റൈറ്റിലോട്ടാന്ന് പറഞ്ഞ് ചെറുപ്പക്കാരൻ വലത് കൈയ് ഉയർത്തി കാട്ടി.
അവനഭിമുഖമായ് നിന്ന അയ്യപ്പൻ ഇടത് കൈ കാട്ടി ചോദിച്ചു “ഇതാ റൈറ്റ്..?“
“‘നോ.. നോ‘.. ഇത് നിങ്ങളുടെ ലെഫ്റ്റ്... ഞാൻ പറഞ്ഞത് വലതു വശം.. “
“അത് ശരി വലത്താട്ടായിരിന്നാ” എന്ന് പറഞ്ഞ് അയ്യപ്പൻ നടന്നു...
ചെറുപ്പക്കാരൻ ചിരിച്ച് “ഫൂളിഷ് ഫെലോ”...
അയ്യപ്പൻ മുകളിലേക്ക് നോക്കി... സൂര്യദേവനോട് പറഞ്ഞു...
“ഈ ദിക്കും, പൊക്കാണവുമൊന്നും അറിയാത്തോന്റെക്കെടേന്ന്
ഏനയങ്ങ് വേഗം തെക്കോട്ടെടുപ്പിക്കണേ.. ന്റെ തമ്പ്രാ...“
അപ്പോഴും ദിക്കു തെറ്റാതെ പടിഞ്ഞോറോട്ട് ധൃതിയിൽ ഓടുകയായിരുന്നു... സൂര്യഭഗവാൻ...

Saturday, January 21, 2012

കുചേലവൃത്തം.



ക്രവാളത്തിന്റെ അപ്പുറത്ത് നിന്നും പുലര്‍കാലം ഉണര്‍ന്നു വന്നു..
ചകോരാദിപക്ഷികള്‍ പുല്‍ത്തലപ്പിലെ മഞ്ഞുകണങ്ങളെ
തട്ടിത്തെറിപ്പിച്ച് വഴിക്ക് കുറുകേ തെറ്റും മാറ്റും നടന്നു..
കാക്കക്കൂട്ടങ്ങളുടെ കലപിലയില്‍ ഉണര്‍ന്ന്, കുചേലന്‍ ഇന്നലെ രാത്രിയില്‍
ഇടിച്ചു വച്ച അവല്പ്പൊതി പൊളിത്തീന്‍ കവറിനുള്ളിലാക്കി
മെഴുകുതിരി നാളത്തില്‍ ഒട്ടിച്ചു..

എല്ലാം തയ്യാറാക്കി ഭാര്യയുടെ സ്നേഹവായ്പ്പുകളോടേ
യാത്രപ്പുറപ്പെടാനൊരുങ്ങുമ്പോള്‍ ഒരു മിസ്ഡ് കോള്‍, പിന്നെ കോള്‍....
മകള്‍ ഫോണുമായ് ഓടിവന്നു.. പിതാശ്രീ.. ഇന്നു ഹര്‍ത്താലാ..
"മുല്ലപ്പെരിയാര്‍ പ്രശ്നം" മന് മോഹന്‍ സിംഗ് പിന്നെയും
വാക്കുമാറ്റി.. !!!

അയാളതിനു മാറ്റിപ്പറയാനായി എന്തെങ്കിലും നേരത്തെ പറഞ്ഞിരുന്നോ..?
എന്ന ആത്മഗതവു മായി ചോദിച്ചു. ആരാ വിളിച്ചത്..?

കര്‍ത്താ അങ്കിളാ... !! പിതാശ്രീയോട് പറയാന്‍ പറഞ്ഞു. കട്ടാക്കി..

"ന്റെ കൃഷ്ണാ ഇനിയെന്തു ചെയ്യും.."

"ദില്ലിക്കുവരെ ടിക്കേറ്റെടുത്തതാ.. മധുരയ്ക്ക് ഇറങ്ങാതെ നേരെ
ഹസ്റത്ത് നിസാമുദ്ദീന്‍ ഇറങ്ങി അവിടുന്നു പിന്നെ പുരാനാദില്ലിയും,
റെഡ്ഫോര്‍ട്ടുമൊക്കെ കണ്ട്... നേരെ മധുരാറോഡ് പിടിച്ചാമതീല്ലോ..
എന്നു കരുതി.. "

തുടക്കത്തില്‍ തന്നെ പിഴച്ച യാത്ര അശുഭമെന്ന് കരുതി
കുചേലന്‍ കെ. കെ എക്സ്പ്രെസിന്റെ കണ്‍ഫോം ടിക്കറ്റ്
നോക്കി ഇരുന്നു.. എസ്- ടു- ൪൭ അപ്പര്‍ ബര്‍ത്ത്.

നരച്ച പഴയ ശീലക്കുടയെടുത്ത്....
"നടന്ന് തന്നെ പോകണം.. സ്റ്റേഷനില്‍.."

കുചേലന്റെ ഗതി കലിയുഗത്തിലും മാറ്റമൊന്നുമില്ല...
അവനുമാത്രമേ ബാധകമുള്ളു, ഈ ഹര്‍ത്താലും, പണിമുടക്കവും,
സമരവും ഒക്കെ...

പ്രതീക്ഷയുടെ അവല്പ്പൊതി കഷത്തിരുന്നു വിയര്‍പ്പുകുടിച്ച്...

കുചേലന്‍ നടന്നു, വലത്തോട്ടൊഴിയാത്ത, കാണാത്ത ഉപ്പന്റെ
കുറുകലോടെ...!!!