“തെക്കോട്ടൊള്ള വണ്ടീ കേറിയാ തിരോന്തരത്തെത്തുവോ,.. ?“
അരനരയനയ്യപ്പന്റെ ചോദ്യം.
“എങ്കയെടത്തീന്ന് ഏറിയാലെന്നാ... ചോയിച്ചത് ?“- തമിഴന്റെ നല്ല മലയാളം..
‘ഇവിടന്ന്‘- അരനരയനയ്യപ്പൻ നിന്നിടത്ത് നിന്നു താഴേക്ക് വിരൽ ചൂണ്ടി..
മുഖം കോടിയ തമിഴൻ “തെരിയാത്”-
ഈ പാണ്ടികളുടെ ഒരു പവ്വറേ... അയ്യപ്പൻ ചിറി കോട്ടി.. ങ്ഹും...
തെക്കും, വടക്കും-!! ദിക്കുകൾ മാത്രമറിയുന്ന അയ്യപ്പൻ റോഡ് മറികടന്നതും..
റെയ്ഞ്ചർ സൈ‘ക്കിളി‘ൽ പറന്നു വന്ന പത്തുവയസ്സുകാരൻ ഫുൾബ്രേക്കിട്ട്
നിർത്തി, അയ്യപ്പനോട് “അമ്മാവാ’ വീട്ടിപ്പറഞ്ഞിട്ടാണോ ഇറങ്ങിയത്”..
അരനരയൻ ഒന്നു നോക്കി- ചെറുമകന്റെ മകന്റെ പ്രായമില്ലാത്തവന്റെ ചോദ്യം കേട്ടാ- എന്ന് മനാസ്സിൽ വിചാരിച്ചു..
അവൻ ഗിയർ മാറ്റി, നോട്ടം കൊണ്ട് ചവിട്ടി, വിട്ടു പോയ്..
ഇനി ആരോടാ ഒന്ന് ചോദിക്കാ...ന് എന്നു ചിന്തിച്ചു നോക്കുമ്പോൾ മുന്നിലിതാ നിൽക്കുന്നു സുകുമാര ചെറുപ്പക്കാരൻ.,..
ചിരിക്കുന്നു, പറയുന്നു, കെഞ്ചുന്നു,കൊഞ്ചുന്നു, ആകാക്ഷിക്കുന്നു,
പരിഭവിക്കുന്നു, വിതുമ്പുന്നു, ശൃംഗരിക്കുന്നു.. ദ്വേഷവും,
പരിഹാസവുമൊന്നുമില്ല... പക്ഷേ ആരെക്കാട്ടാനാ.. ? അതു മാത്രം അരനരയനു
മനസ്സിലാകുന്നില്ല...
‘ങാ.. ഇനി വല്ല ആട്ടക്കാരനുമാവും-
എന്തായാലും ചോയിക്കാം’ എന്ന് നിരീച്ച് അയ്യപ്പനടുക്കുന്നു.. ഇടയ്ക്കൊരു
കണ്ണേറ്റമേറ്റി അയാള് ദാ വശത്തേക്ക് പോകുന്നു.. “ഇവനിതെന്തോന്ന്
പറ്റിയതാ...? എന്ന ചിന്തയിൽ അയ്യപ്പൻ അരനരചൊറിഞ്ഞു...
‘സോ
സോറീടാ... ഞാൻ ഡേ ആഫ്റ്ററിൽ അവിടെ ഉണ്ടാകും.. പ്രോമിസ്ഡാ... ഐ ലൌ ഡാ...”
എന്ന് പറഞ്ഞ് ചെറുപ്പക്കാരാൻ സ്വന്തം കൈവെള്ളയിൽ മുത്തമിടുന്നത് കണ്ട്
അയ്യപ്പന്റെ നിരൂപണം പൂർത്തിയായ്..
“നല്ലൊരു ചെറുപ്പോങ്ങനായിരുന്നു- കഷ്ടം ഇങ്ങനെയായല്ലോ...”
എന്തായാലും ഒന്നും മിണ്ടാം എന്നു കരുത്-
‘മകാനേ’ അയ്യപ്പന്റെ സ്നേഹപൂരിതമായ വിളി സുകുമാരൻ മനസ്സിലാകാത്തത് പോലെ അയ്യപ്പന്റെ മുഖത്ത് നോക്കി..
‘മകാനേ..‘ അരനരയൻ വീണ്ടു വിളിച്ചു....
ചെറുപ്പക്കാരൻ ഈർഷ്യം നിറഞ്ഞ മുഖമോടെ ചെവിയിൽ നിന്നും ‘ഇയർ ഫോൺ” വലിച്ചൂരി... ചോദ്യഭാവത്തിൽ നോക്കി..
ഇവനിതെന്താ ചെയ്യുന്നതെന്ന് അയ്യപ്പനും.. !
“അതേ എന്താ പ്രശ്നം..? മിസ്റ്റർ..?”“
അത് ഞാനങ്ങോട്ട് ചോദിക്കാനല്ലേ വിളിച്ചത്- എന്ന് അയ്യപ്പൻ മനസ്സിൽ
ചോദിച്ചു, എന്നിട്ട് പറഞ്ഞു- “ഓ... ഒന്നുമില്ല മകാനേ... തിരോന്തരം
പാഗത്തേക്കുള്ള വണ്ടി നോക്കി നിക്കുവാ.. “
അത് റൈറ്റിലോട്ടാന്ന് പറഞ്ഞ് ചെറുപ്പക്കാരൻ വലത് കൈയ് ഉയർത്തി കാട്ടി.
അവനഭിമുഖമായ് നിന്ന അയ്യപ്പൻ ഇടത് കൈ കാട്ടി ചോദിച്ചു “ഇതാ റൈറ്റ്..?“
“‘നോ.. നോ‘.. ഇത് നിങ്ങളുടെ ലെഫ്റ്റ്... ഞാൻ പറഞ്ഞത് വലതു വശം.. “
“അത് ശരി വലത്താട്ടായിരിന്നാ” എന്ന് പറഞ്ഞ് അയ്യപ്പൻ നടന്നു...
ചെറുപ്പക്കാരൻ ചിരിച്ച് “ഫൂളിഷ് ഫെലോ”...
അയ്യപ്പൻ മുകളിലേക്ക് നോക്കി... സൂര്യദേവനോട് പറഞ്ഞു...
“ഈ ദിക്കും, പൊക്കാണവുമൊന്നും അറിയാത്തോന്റെക്കെടേന്ന്
ഏനയങ്ങ് വേഗം തെക്കോട്ടെടുപ്പിക്കണേ.. ന്റെ തമ്പ്രാ...“
അപ്പോഴും ദിക്കു തെറ്റാതെ പടിഞ്ഞോറോട്ട് ധൃതിയിൽ ഓടുകയായിരുന്നു... സൂര്യഭഗവാൻ...