Tuesday, December 13, 2011

ആവര്‍ത്തനങ്ങള്‍..




ഷെറിന്‍ ഇതുവരെ എത്തിയില്ലല്ലോ... കഴിഞ്ഞ ഒരുമണിയ്ക്കൂറായി അവളുടെ മൊബേല്‍ സ്വിച്ചിഡോഫാണ്.., എന്തായിരിയ്ക്കും കാര്യമെന്നറിയാതെ... ലിസ്സി വല്ലാതെ വിഷമിയ്ക്കുകയായിരുന്നു... വൈകിവരുമ്പോള്‍ എന്ത് കാര്യമായാലും അവള്‍ വിളിച്ച് പറയുന്നതാണല്ലൊ.. പതിവ്.. പക്ഷെ ഇന്ന്..? നല്ല തിരക്കുള്ള പട്ടണത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ ശ്രദ്ധിയ്ക്കുവാന്‍ പോലും നേരമില്ലാത്ത കാലത്ത്...

വണ്ടി വാങ്ങിക്കൊടുത്തപ്പോള്‍ തന്നെ എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞ് കൊടുത്തതാണ്.. അമിത വേഗം, അതിരുവിട്ട ചുറ്റല്‍ ഒന്നും പാടില്ല, ക്രുത്യമായ സമയത്ത് വീട്ടിലെത്താനാണ് ഇത്രയും കാശുമുടക്കിയത്..മൊബേലിന്റെ കാര്യവും അതുപോലെതന്നെ... എന്നിട്ട് കണ്ടില്ലെ...? വണ്ടിയുണ്ടായിട്ടും വൈകുന്നു, മൊബൈലുണ്ടായിട്ടും ഒരു വിവരവും അറിയാതെ.....

മകളെക്കുറിച്ചുള്ള വ്യാകുലതകളില്‍ ലിസ്സിയ്ക്ക് സ്വന്തം അമ്മയെ ഓര്‍മ്മവന്നു...

നാട്ടിന്‍ പുറത്തെ ഇടവഴിയിലൂടെ ഇരുളുന്ന സന്ധ്യകളില്‍ കോളേജ് വിട്ട് വരുന്ന തനിയ്ക്ക് കൂട്ടുവരാന്‍ ബസ്സ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന അനുജന്‍.. തെക്ക് വശത്തെ നടവഴിയില്‍ അക്ഷമയായി കാത്തുനിൽക്കുന്ന അമ്മ... വസ്ത്രം മാറി കുളിയ്ക്കാനായി പിന്നാമ്പുറത്തുകൂടി പോകുമ്പോള്‍ അടുക്കളയില്‍ പതിവായി അമ്മയുടെ പിറു പിറുപ്പ്...

"മനുഷ്യര് തീ തിന്നുവാ ഓരോ ദിവസ്സൊം.. അവളെ പഠിപ്പിച്ച് കളക്ടറാക്കാനല്ലെ... നിര്‍ത്തിയ്ക്കണം ഈ കോളേജും, പഠിത്തവുമൊക്കെ"....

കുളികഴിഞ്ഞ് വന്ന് അമ്മയുടെ മുഖത്തെ പരിഭവത്തെ പരിഹസിച്ച് അന്ന് പറഞ്ഞത്...

"ഈ ലോകത്ത് നിങ്ങളുടെ മോള് മാത്രോല്ലേയുള്ളു കോളെജ് കുമാരിയായിട്ട്.. എന്റെ കൂടെ പഠിയക്കുന്ന എത്ര കുട്ടികളുണ്ടെന്നൊ.. ഇതിലും ദൂരേന്ന് വരുന്ന... അവര് ഇതിലും വൈകിയാ വീട്ടിലെത്തുന്നെ... എന്റെ അമ്മയ്ക്ക് മാത്രം ഈ തീ തീറ്റയും, മൂക്ക് ചീറ്റലും.. "

അപ്പോള്‍ ചുണ്ടുകളില്‍ വരുത്തിയ ചിരിയോടെ കണ്ണുകല്‍ നിറഞ്ഞ് നിള്‍ക്കുന്ന അമ്മ...

ലിസ്സിയുടെ കണ്ണുകള്‍ നിറഞ്ഞ് ചാലുകളായി...

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ധ്രുതിയില്‍ കണ്ണുകള്‍ തുടച്ച് മുറ്റത്തേയ്ക്കിറങ്ങിയപ്പോള്‍
ഗേറ്റ് കടന്ന് വരുന്ന ഷെറിന്‍.. കൈമുട്ടില്‍ ചെറിയ ഒരു ബാന്റേജുമായി... എന്തോ ചോദിയ്ക്കാനൊരുങ്ങിയ ലിസ്സി വാക്കുകള്‍ വിഴുങ്ങി, ചുണ്ടില്‍ വരുത്തിയ ചിരിയോടെ ഷെറിന്റെ അടുത്തേയ്ക്ക് ചെന്നു... അമ്മയുടെ കണ്ണിലെ അങ്കലാപ്പ് വായിച്ച ഷെറിന്‍ പറഞ്ഞ്..

"ഒന്നുമില്ലമ്മേ... വണ്ടി ഒരു കല്ലില്‍ തട്ടി സ്ലിപ്പായതാ, ഭാഗ്യത്തിന് ഞാന്‍ കൈകുത്തി ഒരു വശത്തേയ്ക്കാ വീണത്.. വണ്ടിയുടെ ഹാന്റില്‍ വളഞ്ഞു പോയി.. , വീഴ്ചയില്‍ മൊബയിലും പൊട്ടി.. വര്‍ക്കാകാതായി.., വേറെ ഫോണീന്ന് വിളിയ്ക്കാത്തതും മ:നപൂര്‍വ്വമാ... അമ്മ അറിഞ്ഞാല്‍ ആകെ ടെന്‍ഷനാകും, പിന്നെ ഒരര മുക്കാമണിയ്ക്കൂറിന്റെ പ്രശ്നമല്ലെ എന്നു ഞാനും കരുതി.. "

ലിസ്സി ഷെറിന്റെ മുഖത്ത് നിശ്ചലം നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തത്... കണ്ണാടിയിലെന്ന പോലെ..
അപ്പൊഴും മനസ്സില്‍ പറയുന്നുണ്ടായിരുന്നു.... "ആ വണ്ടിയാ ഇതിനൊക്കെ കാരണം..."

10 comments:

  1. കാലം തിരിച്ചുവെച്ച കണ്ണാടി.. നന്നായിട്ടുണ്ട്..

    ReplyDelete
  2. സ്വന്തം മക്കളായിക്കഴിഞ്ഞാലേ നമ്മുടെ അമ്മമാരെ മനസ്സിലാവൂ.

    ReplyDelete
  3. കൊള്ളാമികുറുംകഥ ......സസ്നേഹം

    ReplyDelete
  4. വായനയില്‍ സന്തോഷം...

    ReplyDelete
  5. ജീവിതമെന്നത് ആവര്‍ത്തങ്ങള്‍ മാത്രം... നന്നായിരിക്കുന്നു.

    ReplyDelete
  6. പഴയ തലമുറയുടെ വേവലാതി....പുതു തലമുറയുടെ ജീവിതത്തോടുള്ള നിസ്സാര ഭാവം ...... ചിത്രീകരണം നന്നായി....ഭാവുകങ്ങൾ

    ReplyDelete
  7. സന്തോഷം.
    മാനവധ്വനി
    മനോജ് കെ.ഭാസ്കര്‍

    ReplyDelete
  8. എല്ലാം നിസ്സാരം എന്ന ഭാവം ഇപ്പോഴും അംഗീകരിക്കാന്‍ കഴിയാത്ത മനസ്സുകള്‍.
    ഇഷ്ടായി.

    ReplyDelete
  9. മനമയം സ്ഥിരം വായിക്കാറുണ്ട്. ഇവിടെ ആദ്യമായാണ്. തിരികെ വരാതിരിക്കാന്‍ പറ്റില്ലാന്നു മനസ്സ് പറയുന്നു.
    ആശംസകള്‍

    ReplyDelete