Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, November 24, 2010

വിളവുകാലം.

വിളവുകാലം.

സമരം നിശബ്ദമാണ്...
ഇറങ്ങിപ്പോക്കുകളില്‍
മറഞ്ഞ പുഞ്ചകള്‍ക്കൊപ്പം,
പുല്‍ച്ചാടികളും,
പച്ചത്തവളയും,
വരാലും, പരലും,കാരിയും
കൈത്തോട് വഴി
എങ്ങോ മറഞ്ഞുപോയി.

അനാഥത്വം പേറി
നുകപ്പാടിന്റെയൊരു
കണ്ണീര്‍ചാലെങ്കിലും
കാത്തുകിടക്കും ഏലകള്‍...


കാല്‍ പ്പെരുമാറ്റത്തിന്
കാതുചേര്‍ത്ത്
കാടുമൂടിക്കിടക്കുന്ന
നടവരമ്പുകള്‍...


ഞാറ്റുപാട്ടിനും,
കൊയ്ത്തും, മെതിപ്പാട്ടിനുമൊപ്പം
പാടിയ വിപ്ലവഗാനങ്ങളുമിന്ന്
ഏലകള്‍ക്കൊപ്പം
മണ്ണുമൂടിപ്പോയി.

പടുത്തുയര്‍ത്തുക..!
നിലകള്‍ മറന്നു നിങ്ങള്‍
പുതിയ വിപ്ലവകോട്ടകള്‍....

അറിയുക...!
"നിങ്ങള്‍ വിതയ്ക്കുന്നതിന്റെ
വിളവെടുപ്പിലേക്കധിക കാലമില്ല.."