Friday, December 16, 2011

ഗാന്ധിമാര്‍ഗ്ഗം.എല്ലാവര്‍ഷവും ക്ഷണിയ്ക്കപ്പെടുന്നതുപൊലെ 'ഗാന്ധിജയന്തി' പ്രഭാഷണത്തിന്
ഇക്കൊല്ലവും വിളിയ്ക്കുമെന്ന് കരുതിയിരിയ്ക്കുമ്പോഴാണ് ഫോണ്‍
വിളി വന്നത്. കഴിഞ്ഞതിന്നങ്ങേക്കൊല്ലംവരേയ്ക്കും കുറച്ചുപേര്‍ വന്ന്
വിളിയ്ക്കുകയായിരുന്നു പതിവ്. മൊബേല്‍ ഫോണ്‍ കയ്യില്‍ കിട്ടിയതില്‍ പിന്നെ
വന്നു വിളികള്‍‍ക്ക് പകരം "വിളികള്‍" മാത്രമായി. മൂന്ന് ദിവസം കൂടിയുണ്ട്
ഒക്ടോബര്‍ രണ്ടിന്... കുറച്ചൊരു തയ്യാറെടുപ്പ് നേരത്തെതന്നെ വേണം.
പഴയതുപോലെ ധൃതികൂട്ടി ഒന്നുമാകില്ല- പ്രായമേറുകല്ലേ...!!!

പ്രഭാഷണത്തെക്കുറിച്ച് വേവലാതിയില്ല... എല്ലാം വര്‍ഷങ്ങളായി
പാടുന്നതല്ലേ... ദണ്ഡിയാത്രയും, ഉപ്പു സത്യാഗ്രഹവും, കേരളസന്ദര്‍ശനവും,
സബര്‍മതി ആശ്രമവും, ഖാദിയും, എല്ലാമെല്ലാം ഒടുവില്‍ അഹിംസയില്‍
പൊതിഞ്ഞെടുക്കണമെന്നു മാത്രം. എങ്കിലും ഇക്കുറി ഗോഡ്സേയെ കുറിച്ച് ഒന്നും പരാമര്‍ശിയ്ക്കേണ്ട... അഹിംസക്കിടയില്‍ ഹിംസയക്കുറിച്ച് സംസാരിയ്ക്കണ്ട. എല്ലാം അതിന്റെ മുറയ്ക്ക് തന്നെ പോകട്ടെ...!!പിന്നെ വസ്ത്രത്തിന്റെ കാര്യം അതൊക്കെ ഡ്രൈക്ലീനിംഗ് ചെയ്ത് വെടിപ്പാക്കി വച്ചിട്ടുണ്ട്. തൊപ്പി എടുത്ത് നോക്കിയപ്പോഴാണ് ഒരു കാര്യം മനസ്സിലായത്- കഴിഞ്ഞ തവണ ഉപയോഗിച്ച തൊപ്പികഴുകാതെയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നത്. അന്ന് പിടിച്ച വിയര്‍പ്പിന്റെ നനവുണ്ടായിരുന്നിടത്തെല്ലാം കരിമ്പനടിച്ചിരിയ്ക്കുന്നു. ഇനി ഉപയോഗിയ്ക്കാനാകില്ല. നാശം ഇനി വേറെ വാങ്ങാണം.. !! അഥവാ സമയത്ത് കിട്ടിയില്ലങ്കിലോ... ? ആകെ ചിന്തയായി.

പള്ളിയ്ക്കടുത്തുള്ള കുഞ്ഞാലിയുടെ കടയില്‍ നിന്നും ഒരു തൊപ്പി വാങ്ങി നടേശന്റെ തുന്നല്‍ പീടികയില്‍കൊടുത്ത് ഒരു അഴിച്ചുപണി നടത്തി "ഗാന്ധിത്തൊപ്പി" റെഡിയാക്കി.

നടക്കാന്‍ കുറച്ചെങ്കിലുമൊക്കെ ആകുമെങ്കിലും ചെറുമക്കള്‍ക്ക് കുറച്ചിലെന്ന് പറഞ്ഞ് സംഘാടകരോട് വണ്ടി ആവശ്യപ്പെട്ടിരുന്നത് കൃത്യസമയത്തു തന്നെ വന്നു പടിക്കല്‍ നിന്നും ഹോണടിച്ചു. മേശമേല്‍ വച്ചു മറന്ന കണ്ണടയ്ക്കായി പടിയ്ക്കലെത്തിയപ്പോള്‍ ഓര്‍മ്മതെളിഞ്ഞു. തിരികെ കേറണ്ട എന്നു കരുതി വിളിച്ച് പറയുവാന്‍, പറഞ്ഞാല്‍ അതുകൊണ്ടുവന്ന് തരാന്‍ പാകമായവരൊന്നുമില്ലായെന്ന് അറിയാമായിരുന്നതിനാല്‍ വണ്ടിക്കാരോട് "ദാ..ഇപ്പോ വരാം" എന്നാംഗ്യഭാഷകാട്ടി തിരിഞ്ഞു നടന്നു.

ഗാന്ധി സ്മരണയും, പ്രഭാക്ഷണവും കഴിഞ്ഞ്, വെജിറ്റേറിയന്‍ സദ്യയ്ക്ക് മുന്നില്‍
വിശപ്പില്ലായ്മ ഭാവിച്ചു, പിന്നീട് എല്ലാവരോടും യാത്രപറഞ്ഞ് ഹസ്തദാനം ചെയ്യുമ്പോള്‍ സംഘാടക മുഖ്യന്‍ കയ്യിലേയ്ക്ക് തിരുകി വച്ച കടലാസ്സ് കക്ഷണം എന്താണെന്ന് മനസ്സിലായി.
കുറച്ച് മാറി നിന്ന് കൈയ്യിലെ കടലാസ് (കാശ്) നോക്കുമ്പോള്‍ അഞ്ഞൂറ്
രൂപയുടെ ഒറ്റനോട്ട്. തിരിഞ്ഞ് സംഘാടകനെ നോക്കി. അദ്ദേഹം ഒരു നിറഞ്ഞ ചിരി
സംഭാവന ചെയ്തു. നോട്ടുമായി നടന്ന് സംഘാടകനടുത്തെത്തി. പതിയെ പറഞ്ഞു.

" എന്താ ഈ ഗാന്ധി മഞ്ഞിച്ചിരിയ്ക്കുന്നെ...? കഴിഞ്ഞതവണ വന്നപ്പോഴും ഇതേ പരുവമായിരുന്നു. ഞാന്‍ മിനിമം ഒരു ചുവന്ന് തുടുത്ത ഗാന്ധിയേയെങ്കിലും പ്രതീക്ഷിച്ചാ വന്നത്",

പിന്നീട് ആ അഞ്ഞൂറ് മാറ്റി ആയിരമാക്കി പടിയിറങ്ങുമ്പോള്‍ എന്തോ പറയാന്‍ മറന്നത് ഓര്‍ത്തെടുത്തതു പോലെ പറഞ്ഞു-

"ജയ് ഹിന്ദ്"...

അപ്പോഴും ഹാളില്‍ നിന്നും "രഘുപതി രാഘവ രാജാറാം.." എന്ന ഗാനത്തിന്റെ മുരളീരവം പിന്തുടരുന്നുണ്ടായിരുന്നു.


********************************************************************************

9 comments:

 1. ഗാന്ധീയന്മാരുടെ പരിണാമങ്ങള്‍ അസ്സാലായി.

  ReplyDelete
 2. സന്തോഷം.. ഇന്നിന്റെ
  ഗാന്ധിയിസത്തിന്റെ.. ::))

  ReplyDelete
 3. കവിളിലടിയേറ്റു തപ്പാലാപ്പീസിലും ഗാന്ധി.
  ഇന്നലെ, ധീരമാം സ്നേഹമേ ഗാന്ധി.
  ഇന്ന്, ചന്ദനച്ചാര്‍ത്തിനു പകരം,
  അഹങ്കാരത്തിന്റെ തുപ്പലഭിഷേകം..!
  ഇതു താന്‍ ഗാന്ധി,
  വടി പിടിച്ച ഗാന്ധിപ്രതിമ,
  കാകനിരിക്കാനെന്നു 'ടിന്റുമോന്‍'.

  ReplyDelete
 4. കൊള്ളാം . വളരെ കാലികം
  സത്യം പറഞ്ഞു
  ഇത് പലരുടെയും മുതികിനായി ഇടി

  ReplyDelete
 5. ഷാജു.
  :) പലരുടേയും പേരെടുത്തു പറഞ്ഞാണോ
  ഇടിച്ചത്..?
  "എന്ന ഗാനത്തിന്റെ 'മുരളീ'രവം...

  നാമൂസ്..
  ആ മുഖത്തടി കൊണ്ട് പിന്നെ
  രണ്ടാമത് ആര്‍ക്കും ഉപകാരപ്പെടരുത്
  എന്നേ അര്‍ത്ഥമുള്ളു.
  (ഗാന്ധി- യൂസ് & ത്രോ തീയറി)

  സന്തോഷം..

  ReplyDelete
 6. രഘുപതി രാഘവ രാജാറാം
  പതീതഭാവന സീതാറാം....

  എനിക്കൊരഭിപ്രായം പറയണമെന്നുണ്ടായിരുന്നു, പ്രസംഗതൊഴിലാളികളെപ്പറ്റി. പക്ഷെ കാലം നല്ലതല്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല.

  ReplyDelete
 7. മനോജ്...
  എഴുതിക്കോ...
  കാലത്തെ മാറ്റാന്‍ എഴുത്തിനാകും....

  ReplyDelete
 8. "ഗാന്ധി മാർഗ്ഗം മഹാശ്ചര്യം.
  ........................."

  ReplyDelete