Friday, December 23, 2011

ചില ബാക്കിപത്രങ്ങള്‍...നിലാവിന് കുളിരുണ്ടെന്നത് കാല്പനികത മാത്രമെന്ന് തോന്നിപ്പോകുന്നു... ഇരുളിനെ ഭയന്ന കുട്ടിക്കാലത്തിലേയ്ക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമെന്നുള്ള തിരിച്ചറിവുള്ളപ്പോഴും, ഇന്നീകൂരിരുളിനെ കണ്ണുകളടച്ച്, മനക്കണ്ണില്‍ പ്രകാശപൂരിതമായ ബാല്യത്തിലേയ്ക്കൊരു മടക്കം കൊതിയ്ക്കുന്നുവോ..?

ഉണ്മാദത്തിന്റെ നെറുകയില്‍ നെല്ലിക്കാത്തളം തണുത്തുറഞ്ഞിട്ടും അറിയാതെ അത്യുഷ്ണ രാവുകളിലേയ്ക്ക് കണ്ണുകള്‍ തുറന്നിരിയ്ക്കുന്ന ചാച്ഛന്‍. തറവാടിലെ മുന്‍ തലമുറയിലെ അവസാനകണ്ണി. മേലാളവാഴ്ചയുടെ തീറെഴുത്തിന്റെ ബാക്കിപത്രം. പാഴയകാലത്തിന്റെ, ഇന്നും നിലനില്‍ക്കുന്ന തലപ്പേരുമാത്രം, ഒരുകാലത്ത് നാലുകെട്ടും, നടപ്പുരയും, കളപ്പുരയും,ഒരിയ്ക്കുമൊഴിയാത്ത പത്തായവും, നടന്നെത്താത്തിടത്തോളം പുഞ്ചയും, കരയും, തെങ്ങും, കവുങ്ങുമായി നാടുവാഴിയവര്‍ വാണിടം. ആജ്ഞാനുവര്‍ത്തികള്‍ക്കും, അടിയാളര്‍ക്കും പാര്‍ക്കാന്‍ പ്രത്യേകം ഇടങ്ങള്‍ (ഭൂമി)കല്പ്പിച്ചു കൊടുത്തിരുന്നു. ചാച്ഛന്മാരും, അച്ഛനും,അപ്പച്ചിമാരുമായി ഒരു കൂട്ടുകുടുംബം. അമ്മയുല്പ്പടെ 'വന്നുകേറിയ' നാത്തൂന്മാര്‍ക്ക് രണ്ടാം സ്ഥാനം മാത്രം കല്പ്പിതം. അവര്‍ക്കെല്ലാവര്‍ക്കും ഇടയിലാണ് ഏറ്റവും ഇളയ ചാച്ഛന്‍.

പഠിയ്ക്കാന്‍ അതികേമനായിരുന്നെങ്കിലും ആദ്യം പത്താംതരം തോറ്റ്, വലിയ ശകാരങ്ങള്‍ക്കും, പഴിപറച്ചിലിനുമൊടുവില്‍ രണ്ടാം തവണ രണ്ടാം ക്ലാസ്സോടെ ജയിച്ചു. ആദ്യതോല്‍വിയുടെ ന്യായീകരണങ്ങള്‍ നാത്തൂന്മാര്‍ കണ്ടെത്തിയത് പിന്നാമ്പുറത്ത് പൂത്തതിനുശേഷം മാത്രമറിഞ്ഞ കഞ്ചാവ് ചെടിയിലായിരുന്നു. ചാച്ഛന്‍, ചാച്ഛന്റേതായ ഒരുലോകത്ത്, (ഹിപ്പിയിസത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്നത് ഞാന്‍വളര്‍ന്നതിനു ശേഷം സ്വയം കണ്ടെത്തുകയായിരുന്നു) മാത്രമൊതുങ്ങി കഴിഞ്ഞിരുന്നു.

മരുമക്കത്തായത്തിന്റെ അവസാനകാലത്തിലെപ്പോഴൊ മുത്തച്ഛന്‍ അതു നടപ്പാകി. ഉണ്ടായിരുന്നവയെല്ലാം മരുമക്കള്‍ക്ക് പങ്കിട്ടു കൊടുത്തു. ആജ്ഞാനുവര്‍ത്തികളും, അടിയാളരും അവകാശം പറഞ്ഞു. ബാക്കിയുള്ളവ പലതും കഥകളിയ്ക്കും, ഉത്സവങ്ങള്‍‍ക്കുമായി തീറെഴുതിപ്പോയിരുന്നു. മുത്തശ്ശിയുടെ പേരിലേയ്ക്ക് ഏതൊ ധന്യ മുഹൂര്‍ത്തത്തില്‍ തറവാടിന്റെ അവകാശമെഴുതിയതിനാല്‍ അതുമാത്രം മെച്ചമായി. ഏറെ താമസിയാതെ മക്കത്തായം വന്നതിനാല്‍ മരുമക്കള്‍ കിട്ടിയതുമായി പത്തിമടക്കി.

ചാച്ഛന്‍റ്റെ പ്രണയം ഒരുപാട് ഉല്‍ത്തിരകളുടേതാണെന്ന് തോന്നുന്നു. അല്ല അങ്ങനെതന്നെയാണ്. തറവാടിലെ മേലാളത്തരം നിസ്സങ്കോചം, കാട്ടുവാന്‍ അടിയാളരിലെ ആളിമാരുടെ മേലില്‍ എന്തവകാശവും ഉണ്ടായിരുന്നു. അതിലും പ്രതിക്ഷേധങ്ങള്‍ ഇതേകാലഘട്ടത്തില്‍ തുടങ്ങിരുന്നു. ചാച്ഛന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലം, ഒരു അടിയാത്തിപെണ്ണീനെ പ്രേമിക്കുന്നു എന്ന ശ്രുതി തറവാട്ടിലും നാട്ടിലും പടര്‍ന്നത്. മച്ചമ്പിമാരും ഇക്കാര്യത്തില്‍ നല്ല ശ്രുതിപാട്ടുകാരായിരുന്നുവെന്നാണ് കേട്ടുകേള്വി. ഒടുവില്‍ ഒരുപാട് പ്രശ്നങ്ങള്‍ക്കൊടുവില്‍ ചാച്ഛന്‍ നാടുവിടുന്നു. അടിയാത്തി ഗര്‍ഭിണിയായിരുന്നു, അവള്‍ പെറ്റു, ഒരു പെണ്‍കുഞ്ഞിനെ. ഇതൊക്കെ സംഭവിയ്ക്കുമ്പോല്‍ എനിയ്ക്ക് ഏകദേശം നാലുവയസ്സോളമെന്നാണ് കേട്ടറിവ്.

പിന്നീട് ഞാന്‍ ചാച്ഛനെ കാണുന്നത് എന്റെ തിരിച്ചറിവിന്റെ പ്രായത്തിലാണ്. ഏകദേശം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുദിവസം പുലരുമ്പോള്‍ കോലായിലെ അരത്തിണ്ണയില്‍, നല്ല നീണ്ടു ചുരുണ്ട താടി, മുടിയില്‍ അകാലത്തിന്റെ വെള്ളിരോമങ്ങള്‍ അങ്ങിങ്ങ് തെളിഞ്ഞ്,കാവിമുണ്ടുടുത്ത ഒരാള്‍, മുക്ഷിഞ്ഞ ഒരു ജൂബായും,വീര്‍ത്ത തുണിസഞ്ചിയും കോലായിലെ ഉത്തരത്തില്‍ തൂക്കിയിട്ടിരിയ്ക്കുന്നു. തറയില്‍ നാലഞ്ച് ബീഡികുറ്റികളും. മുത്തശ്ശിയുടെ നിലവിളിയോടുകൂടിയ പ് രാക്കുവിളികളിലാണ് ചാച്ഛന്‍ ഉണര്‍ന്നത്... മുഖം നിര്‍ജ്ജീവമായി, ആരോടും, പ്രതികരിയ്ക്കാതെ ഒറ്റഭാവത്തില്‍ ചാച്ഛനിരിന്നു.

പിന്നീട് കുറെക്കാലം ലഹരി വിമോചന കേന്ദ്രങ്ങളിലും, മാനസ്സിക ചികിത്സയ്ക്കും വിധേയനാക്കിയെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ തുടര്‍ന്നു. പിന്നീട് വടക്കിനിയുടെ വശത്തുള്ള ഒറ്റവാതിലും,ഒറ്റ ജനലുമുള്ള മുറിയിലേക്ക് ഒറ്റപ്പെട്ടുപോയി. ആ ഒറ്റപ്പെടലിനെ വിലയിരുത്താനോ തിരുത്താനോ ഇളം തലമുറയിലെ എനിയ്ക്ക് ശബ്ദമില്ലാതെ പോയി. പിന്നീട് വര്‍ഷങ്ങള്‍ ചാച്ഛനറിയാതെ കടന്നുപോയി. ഒറ്റമുറിയില്‍ ഒരുപാട് പരിഭവങ്ങളുമായി മുഖം വീര്‍പ്പിച്ചിരിയ്ക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് മിക്കപ്പോഴും ചാച്ഛനില്‍ എനിയ്ക്ക് കാണാന്‍ സാധിച്ചത്..., ഇരുളില്‍ നഷ്ടബാല്യം തേടിയ ആ മുഖം, ജരാനരകളേറി കൂടുതല്‍ ശാന്തമാകുകയായിരുന്നോ..?

പകല്‍ നേരങ്ങളില്‍ തുറക്കപ്പെടാത്ത ജനലിനുമുന്നില്‍ സാമൂഹികമാറ്റങ്ങളുടെ പ്രതിഫലനം എന്നതു പോലെ, ധൈര്യപൂര്‍വ്വം വല്ലപ്പോഴും വന്നു നില്‍ക്കുന്ന പഴയ അടിയാത്തി, ചാച്ഛനോട് ഒരുപക്ഷേ കെട്ടിച്ചുവിട്ട മകളുടെ വിശേഷങ്ങളും, തന്റെ ഒറ്റപ്പെടലുകളേയും പറ്റി പറഞ്ഞാവാം കണ്ണുനനച്ച് മടങ്ങുക. ഉറക്കമില്ലാത്ത രാത്രിയില്‍ തുറക്കപ്പെടുന്ന ഒറ്റപ്പാളി ജനലിലൂടെ ചാച്ഛന്‍ തുറിച്ചുനോക്കി നില്‍ക്കുന്നത് വീടിന്റെ പിന്നാമ്പുറത്ത് പണ്ടു നട്ട കഞ്ചാവ് ചെടിയിലേയ്ക്കാണെന്ന് തോന്നുന്നു. അതു പൂവിടുന്നതും അതിന്റെ സുഗന്ധം പരക്കുന്നതും, ലഹരി പടരുന്നതും സ്വപ്നം കാണുകയാവും, ഉന്മാദത്തിന്റെ രണ്ടാംപദം ആടിത്തിമര്‍ക്കാനായി…..

4 comments:

 1. ഒരു നല്ല തീമിനെ കളഞ്ഞു കുളിച്ചു എന്നാണ് എനിക്ക് തോന്നുന്നത്.
  അക്ഷരത്തെറ്റുകളും കൂടിപ്പോയി

  ReplyDelete
 2. ഓര്‍മ്മകളോ..കഥയോ? കഴിഞ്ഞ കഥ മനസ്സില്‍ നില്‍ക്കുന്നതിനാലാവം എന്തോ കുറവ്‌ പോലെ തോന്നിയത്‌. എല്ലാം ഒരു തരം ഉന്മാദം തന്നെ. പിന്നെ അതിനെ തുടര്‍ന്നുള്ള സ്വയം ന്യായീകരണവും. നന്നായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.
  കൃസ്തുമസ് ആശംസകള്‍.

  ReplyDelete
 3. ഇനിയും എഴുതുക. ആശംസകള്‍...

  ReplyDelete