Thursday, December 22, 2011

ശിവേട്ടന്‍....



ന്ന് പതിവിലും നേരത്തേ ഓഫീസിലെത്തണം. പുലര്‍ത്തിവരുന്ന 'പഞ്ച്വാലിറ്റി' അല്പ്പം തെറ്റിയ്ക്കാം. എന്നുംകൃത്യമായെത്തുന്നവനെന്ന പേരില്‍ ഇന്നൊരു ചോദ്യമുണ്ടാകട്ടെ, മറ്റുള്ളവര്‍ ശ്രദ്ധിയ്ക്കട്ടെ, ചെറുതായൊന്ന് അത്ഭുതംകൊള്ളട്ടെ! “എന്തേ നേരത്തേ”യെന്ന് ശിവേട്ടനും, മീനുവമ്മയും, ജയയുമൊക്കെ ചോദിയ്ക്കട്ടെ. ഒരിയ്ക്കലും വൈകിയെത്താത്ത ഞാന്‍ ഒരിയ്ക്കല്‍ പോലും സമയത്തിന് മുന്നേയും വന്നിട്ടില്ല.ഇതൊന്നും കൃത്യനിഷ്ഠയോ, പിടിവാശിയോ അല്ല സമയത്തോടുള്ള ഒരു അടങ്ങാത്ത അഭിനിവേശം മാത്രം.

പതിവ് പരിപാടികള്‍ക്കൊടുവില്‍ അഞ്ച് നിമിഷം നേരത്തെ കതക് പൂട്ടിയിറങ്ങി, ബൈക്ക് രണ്ടാമത്തെ കിക്കിന് തന്നെ സ്റ്റാര്‍ട്ടായി"ശുഭലക്ഷണം"... മനസ്സിന് കൂടുതല്‍ ഉണ്മേഷം തോന്നി. മെയിന്‍ റോഡിലേക്ക് കടക്കാനായി ഇന്റികേറ്റര്‍ ഇട്ടപ്പോള്‍ ഒരു സംശയം... ടിവിഓഫാക്കിയോ...? ആജ്തകില്‍ വാര്‍ത്തകള്‍ പൊരിയുമ്പോഴാണ് ശിവേട്ടന്റെ ഫോണ്‍ വന്നത്. പകുതി ബട്ടനുകളിട്ട ഷര്‍ട്ടുമായിഫോണിനടുത്ത് ചെന്നപ്പോള്‍ അത് കട്ടായി, തിരിച്ച് രണ്ടു തവണ വിളിച്ചപ്പോഴും 'തിരക്കി'ലായിരുന്നു. പിന്നെ കുറേ നേരംശിവേട്ടന്റെഫോണ്‍കാളിനെ കുറിച്ചായിരുന്നു മനസ്സില്‍, കതക് പൂട്ടിയിറങ്ങും വരേയ്ക്കും. എന്തായാലും മിക്കപ്പോഴുംസംഭവിയ്ക്കുന്നത് പോലെ മുറിയില്‍ ഇന്നും 'ആജ്തക്' വാര്‍ത്തകള്‍ കൊണ്ട് നിറയട്ടെ.

ഓഫീസിന്റെ മെയിന്‍ ഗേറ്റ് കടന്ന് പാര്‍ക്കിംഗില്‍ വണ്ടി നിര്‍ത്തുന്നതിന് മുമ്പേ ശ്രദ്ധയില്‍ പെട്ടിരുന്നു.... അവിടെ, കൂടെ ജോലിചെയ്യുന്ന ഒട്ടുമിക്ക ആളുകളും കൂട്ടം കൂടിനില്‍ക്കുന്നു. വണ്ടി പാര്‍ക്ക് ചെയ്തശേഷം, പതിവായി സമയം അഡ്ജസ്റ്റ് ചെയ്യാനായിട്ട്പോയിരിയ്ക്കാറുള്ള മുന്നിലെ ഗാര്‍ഡനിലേയ്ക്ക് പോയില്ല, നേരെ ആള്‍ക്കൂട്ടത്തിലേക്ക് നടന്നു. അവിടെ മലയാളി അസോസിയേഷന്റെ പണിയ്ക്കരും, പിന്നെ ഓഫീസിലെ ഭാട്ടിയും, മിശ്രാജിയും, ജയയും അങ്ങനെ അറിയുന്ന എല്ലാവരും ഉണ്ടായിരുന്നു. ഞാന്‍ അവരുടെഅടുത്തേയ്ക്ക് അടുക്കാറായപ്പൊള്‍ മിശ്രാജി മുന്നോട്ട് നടന്ന് എന്റെ അടുത്തേയ്ക്ക് വന്ന് തോളില്‍കൈയ്യിട്ട് ഒരു വശത്തേയ്ക്ക്മാറ്റിനിര്‍ത്തി, പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
"ശായദ് ആപ്കൊ പദാ നഹി ചലാ ഹോഗ....
അയാള്‍ ഒന്ന് നിര്‍ത്തി തൊണ്ടയിടറിത്തെളിച്ചിട്ട് തുടര്‍ന്ന്.
"ഹമാരാ ശിവാ ഭായി.. .. " വാക്കുകള്‍ മുറിയുന്നു....

എന്റെ മനസ്സ് വല്ലാതുഴറിപ്പിടച്ചു...

അപ്പോഴേയ്ക്കും ഒന്നു,രണ്ടുപേര്‍ കൂടി അടുത്തേയ്ക്ക് വന്നു.

" ക്യാഹുവാ...?" ഞാ‍നൊരു വിധം ചോദിച്ചു...

ശിവേട്ടന്റെ റൂമിലേയ്ക്കുള്ള യാത്രയില്‍ ചെറിയ വിശദീകരണങ്ങള്‍ കിട്ടി. അരമണിയ്ക്കൂര്‍ ആയിട്ടില്ല.... തൊട്ട് താഴെതാമസിയ്ക്കുന്നഗുജറത്തി ഫാമിലിയില്‍ നിന്നാണ് ഓഫീസിലേയ്ക്ക് ഫോണ്‍ വന്നത്. എന്തോ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടാണ് അവര്‍ മുകളിലേയ്ക്ക്പോയി നോക്കിയത്. അവര്‍ എത്തുമ്പോഴേയ്ക്കും ആ ശരീരം നിശ്ചലമായി കഴിഞ്ഞിരുന്നു.

ശിവേട്ടന്റെ ലോകം, അടുക്കളയും ബാത്ത് റൂമു മുള്ള ഒറ്റമുറി. ഭംഗിയായി അടുക്കി, ഒതുക്കി പുസ്തകങ്ങള്‍ കൊണ്ട് അലങ്കരിച്ച, എന്റെ ബാച്ചിലര്‍ ജീവിതത്തെ പലപ്പോഴും കൊതിപ്പിച്ച വൃത്തിയുള്ള, ശിവേട്ടന്റെ ലോകം. പലപ്പോഴും ഈ മുറിയ്ക്കുള്ളില്‍അദ്ദേഹത്തിന്റെ സ്വകാര്യത പങ്കിടുമ്പോള്‍ സന്തോഷിയ്ക്കുവാനും, സങ്കടപ്പെടാനും ഞാനും കൂടാറുണ്ട്. കവിതകളും, കഥകളും, ദു:ഖങ്ങളും മാത്രം സ്വകാര്യതകളാകുന്ന ആ മനുഷ്യന്റെ ചുണ്ടില്‍ ഒരിയ്ക്കലും വാടാതെ സൂക്ഷിയ്ക്കുന്ന പുഞ്ചിരി. അതേപുഞ്ചിരി പ്രാണന്‍ വിട്ടകന്ന വേദനയുടെ ഒടുവിലും ചുണ്ടുകളില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് എനിയ്ക്ക് തോന്നി.

പണിക്കരേട്ടന്‍ തന്നെയാണ് എല്ലാത്തിനും മുന്നിട്ട് നിന്നത്, ആശുപത്രിയില്‍ എത്തിച്ചതും മരണസര്‍ട്ടിഫിക്കേറ്റ് വാങ്ങിച്ചതും.ഇതിനിടയില്‍ ശിവേട്ടന്റെ നാട്ടിലുള്ള കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അദ്ദേഹവുമായി ഏറ്റവും അടുപ്പംകൂടുതലുള്ളവനെന്നതിനാല്‍ എന്നോട് തന്നെയായിരുന്നു മറ്റുള്ളവര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചത്...

"വീട്ടിലറിയിച്ചോ.... അവരെന്തുപറഞ്ഞു..., അങ്ങോട്ട് കൊണ്ട് പോകാന്‍...? , എങ്ങനാ കാര്യങ്ങള്‍ക്കൊരു തീരുമാനം...." ചോദ്യങ്ങള്‍നിരവധിയാണ്.

ഭാര്യയുമായി പിണങ്ങിയിട്ട് 'വര്‍ഷം പതിനാറായി' എന്ന് ശിവേട്ടന്‍ രണ്ടാഴ്ച മുന്നേയുമൊരു തമാശപോലെ പറഞ്ഞതാണ്. ഒരുമകനുണ്ട്, ബാംഗ്ലൂരില്‍ എവിടെയൊ പഠിയ്ക്കുകയൊ, അല്ല അത് കഴിഞ്ഞ് പണിയെടുക്കുകയോയാണ്. മകനുമായി ഒരു ബന്ധവുംകഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇല്ല. ഭാര്യയുടെ ഓര്‍മ്മകള്‍ ശിവേട്ടനെ വല്ലാതെ വേട്ടയാടുന്നുണ്ടായിരുന്നു. ആയകാലം മുതല്‍കുടുംബത്തിനു വേണ്ടി പണിയെടുത്തു.നാടും, വീടും, കൂട്ടും, പ്രണയവും എല്ലാം ഉപേഷിച്ച് വടക്കേയിന്ത്യന്‍നഗരങ്ങളിലെഒറ്റമുറികളില്‍ സ്വപ്നങ്ങളെ അടച്ചിട്ട് അമ്മയ്ക്ക്,പെങ്ങള് ‍ക്ക്, സഹോദന് എന്നു പറഞ്ഞ് മാറി,മാറി അയച്ച മണിയോര്‍ഡറുളുടെ 'ബാക്കിപത്രം' ഇന്നും ശിവേട്ടന്‍ സൂക്ഷിച്ചിട്ടുണ്ട്...

" എടോ... എനിയ്ക്കാരോടും കണക്ക് ബോധ്യപ്പെടുത്താനൊന്നുമല്ല... എന്റെ ജീവിതത്തിന്റെ ബാലന്‍സ്ഷീറ്റ് ശൂന്യമല്ല എന്ന്എനിയ്ക്കെന്നെ വിശ്വസിപ്പിയ്ക്കുവാന്‍ മാത്രം.. നഷ്ടങ്ങളുടെ മാത്രം കണക്ക് നിരത്താന്‍ എനിയ്ക്കാവില്ല. അങ്ങനെയായിരുന്നെന്നെങ്കില്‍ഗായത്രി എന്നെ വിട്ട് പോകില്ലായിരുന്നു. എന്റെ കുടുംബത്തിന് വേണ്ടി എന്നെ പങ്ക് വയ്ക്കുവാന്‍ അവള്‍ തയ്യാറല്ലായിരുന്നു. 'നീസ്വാര്‍ത്ഥയാണെന്ന് ' ഞാനവളെ കുറ്റപ്പെടുത്തി... ഒടുവില്‍ ഒരു വശത്തുനിന്നും എന്റെ കുടുംബവും മറുവശത്ത് ഗായത്രിയും മകനുംഎന്നില്‍ നിന്നും അകന്നുമാറുകയായിരുന്നു."

ശിവേട്ടന്റെ തറവാട്ടില്‍ ഇപ്പോള്‍ ഒരനുജനും കുടുംബവുമാണ് താമസം, അവിടെ വിളിച്ചപ്പോല്‍ മരണത്തേക്കാള്‍ മരവിച്ചമറുപടിയാണ് കിട്ടിയത്, ഗായത്രിയെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞങ്ങള്‍ക്കൊന്നുംഅറിയില്ല' എന്ന നിസ്സംഗതയും.... പണിക്കരേട്ടന്‍തിരക്കുകളില്‍ നിന്നും പുറത്തേയ്ക്ക് വന്നു...

"ടാ.. എന്തായി ആരെയെങ്കിലും കിട്ടിയോ..? അക്ഷമയോടെ ആ മുഖം തുടുത്തിരുന്നു... "എന്തായാലും ഞാന്‍ ഡെഡ്ബോഡിമോര്‍ച്ചറിയില്‍ വയ്ക്കാനുള്ള ഫോര്‍മാലിറ്റീസ് ചെയ്തിട്ടുണ്ട്... ബന്ധുക്കള്‍ ആരെങ്കിലും ഇല്ലാതെ നമുക്കെന്ത് ചെയ്യാനാകും.. "

"ഇല്ല പണിക്കരേട്ട... ഇതുവരെ ആരും വരുന്നതായ ഒരറിവും ഇല്ല.."

"ശിവേട്ടന്റെ ഭാര്യയും, മകനും മറ്റും...?"

"അവരെപറ്റിയും ഒരു വിവരവുമില്ല"

"ശ്ശെ..." പണിക്കരേട്ടന്‍ കൂടുതല്‍ അക്ഷമനായി... " മനുഷ്യരുടെ ഓരോ അവസ്ഥകള്‍" അയാള്‍ സ്വയം പറഞ്ഞു. നീയൊരു കാര്യം ചെയ്യൂ...കഴിയുന്നത്ര ശ്രമിച്ച് നോക്കു... വിവരമറിഞ്ഞാല്‍ ആര് വന്നില്ലെങ്കിലും അവര്‍ക്ക് വരാതിരിയ്ക്കാനാകില്ലല്ലോ... അവര്‍ വരും...അത്രയ്ക്ക് പാപങ്ങളൊന്നും ഈ മനുഷ്യന്‍ ചെയ്തിട്ടില്ലല്ലോ..,"

പണിക്കരേട്ടന്‍ വികാരാധീനനായി... ആ കണ്ണുകളിലെവിടെയൊ വ്യഥയുടെ കരട് കുത്തുന്നുണ്‍ടായിരുന്നു.

തുടര്‍ശ്രമങ്ങള്‍ക്കൊടുവില്‍ ഗായത്രിയമ്മയേയോ, മകനെക്കുറിച്ചോ അവര്‍ ബാംഗ്ലൂരില്‍ ഉണ്ടെന്നതിനപ്പുറം കിട്ടിയ, ഉപയോഗത്തിലില്ലാത്ത മൊബേല്‍ നമ്പര്‍ മാത്രമായിരുന്നു മിച്ചമായത്...

പണിക്കരേട്ടന്‍തിരിച്ചുപോയിരുന്നു... എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കണം എന്നു മാത്രം പറഞ്ഞു.

ശിവേട്ടന്‍ ഇന്ന് മോര്‍ച്ചറിയിലെ മരവിപ്പില്‍ വിശ്രമിയ്ക്കട്ടെ.... ആരുമില്ലാത്തവനെന്നെ ആ തോന്നല്‍ എന്നേ ആ മനുഷ്യന്റെ മനസ്സിനെമരവിച്ചു കഴിഞ്ഞുകാണും. നാളെ എന്തായാലും ഉച്ചയോടെ ഒരു തീരുമാനത്തിലാകണം എന്ന ഉറച്ച് ചിന്തിച്ചുകൊണ്ട് ആശുപത്രിയില്‍നിന്നും ഇറങ്ങി. റൂമില്‍ എത്തിയപ്പോള്‍ ഇരുള്‍ മൂടിക്കഴിഞ്ഞിരുന്നു. 'ആജ്തക്' അപ്പോഴും വാര്‍ത്തകള്‍ വിളമ്പുകയാണ്...എവിടെയോ ട്രയിന്‍ മറിഞ്ഞ ദൃശ്യങ്ങള്‍, മുറിവേറ്റവര്‍, മരിച്ചവര്‍... വിശപ്പ് മരവിച്ചിരുന്നു, മേശമേലിരുന്ന കുപ്പിയിലെ വെള്ളംരണ്ടു,മൂന്ന് കവിള്‍ കുടിച്ചു... റിമോട്ടെടുത്ത് ടിവി ഓഫാക്കി.... ശൂന്യമായ മനസ്സുമായി കിടക്കയിലേക്ക് വീണു.

“അവര്‍ വരുമോ... ആ മകനെങ്കിലും... അവന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍.... ? ഒരു പക്ഷേ..... .”ചിന്തകള്‍ വഴിയറിയാതെ അലയുമ്പോള്‍ മനസ്സ് കൊണ്ട് ശിവേട്ടന് ഒരച്ഛന്റെ സ്ഥാനം സങ്കല്പ്പിയ്ക്കുകയായിരുന്നു. ആരുവന്നില്ലെങ്കിലും ഒരു മകന്റെ സ്ഥാനത്ത്
നിന്നുകൊണ്ട് വേണ്ടതെല്ലാം ചെയ്യണം... ..

മേശപ്പുറത്തിരുന്ന ഫോണിന്റെ ഡിസ്പ്ലെ തെളിഞ്ഞു, വൈബ്രേറ്ററിന്റെ ഞെരക്കം... രാവിലെ ആശുപത്രിയില്‍ വച്ച് 'സൈലന്റ്മോഡാ'ക്കിയതാണ്. ഫോണെടുത്തു... പരിചയമില്ലാത്ത നമ്പര്‍, മറുവശത്ത് നിന്നും സ്വയം പരിചയപ്പെടുത്തി 'ഗായത്രിയമ്മയുടെ മകന്‍' "ഞങ്ങള്‍ ഇപ്പോള്‍ പുറപ്പെടുന്നു. നാളെ ഉച്ചയോടെ അവിടെയെത്തും". കൂടുതല്‍ വിശദീകരണങ്ങള്‍ ഇല്ലാതെ ഫോണ്‍ കട്ടായി.

ഉടനെതന്നെ പണിക്കരേട്ടനെ വിളിച്ച് കാര്യം പറഞ്ഞു.... "എന്റെ പ്രതീക്ഷ തെറ്റിയില്ല" എന്ന നിശ്വാസത്തോടെ നാളെക്കാണാമെന്ന്പറഞ്ഞ് അദ്ദേഹം ശുഭരാത്രി നേര്‍ന്നു.

കിടക്കയില്‍ ഉറക്കം വരാന്‍ കൂട്ടാക്കാത്ത കണ്ണുകളടച്ചു കിടക്കുമ്പോള്‍ നഷ്ടബോധത്തിന്റെ ശൂന്യതയിലേയ്ക്ക് മനസ്സ് പാറിനടന്നു.

5 comments:

  1. ആവര്‍ത്തനങ്ങള്‍.... , ഡിലീറ്റ്‌.., ഗാന്ധിമാര്‍ഗ്ഗം..........
    ശിവേട്ടന്‍ ഇതിനൊക്കെ മുകളിലായി തോന്നുന്നു. പൊതുവെയുള്ള മനുരാജിന്റെ പെര്‍ഫക്ഷന് വാര്‍ണീഷ് കൂടെ അടിച്ചതുപോലെ തോന്നുന്നു.
    എന്‍റെ പ്രിയപ്പെട്ട കഥകളില്‍ ഇനി ശിവേട്ടനും ഉണ്ടാകും.

    ReplyDelete
  2. പൊട്ടൻ,
    സന്തോഷം

    ReplyDelete
  3. നല്ലൊരു കഥ.
    കഥ വായിക്കുന്ന വ്യക്തി അതോടൊപ്പം കഥയിലൂടെ സഞ്ചരിക്കുന്ന വായന നല്‍കിയത്‌ വളരെ നന്നായി. ഒരു കൊച്ചുസ്പര്‍ശനം പോലെ തഴുകുന്ന അനുഭവം വായന കഴിയുമ്പോള്‍ സമ്മാനിക്കുന്നു.വളരെ കൃത്യമായി കാര്യങ്ങള്‍ സ്പഷ്ടമാകുന്നു.

    'നീസ്വാര്‍ത്ഥയാണെന്ന് '
    നീ കഴിഞ്ഞു സ്പെയ്സ് വന്നില്ല.

    ReplyDelete
  4. കഥയിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള കഥാസ്വാദനത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഈ പോസ്റ്റ്. ഒരുപക്ഷേ സംഭവിച്ചതാകാം, ഇല്ലെങ്കിലും നമുക്കുചുറ്റും സംഭവിയ്ക്കുന്നതുതന്നെ.

    ..ആശംസകൾ..

    ReplyDelete
  5. ഒരു ‘ഒറ്റയാൻ’കൂടി യാത്രയായി. നല്ല വ്യക്തമായി എഴുതിയവതരിപ്പിച്ചു. ആശംസകൾ....

    ReplyDelete